കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും ഉൾപ്പെടെ മൂന്നുപേർ അപകടത്തിൽ മരിച്ച സംഭവത്തിൽ ഹോട്ടലുടമ റോയ് ജോസഫ് വയലാറ്റ് പൊലീസിന് മുന്നിൽ ഹാജരായി. എറണാകുളം സൗത്ത് അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ ഇയാളെ ചോദ്യം ചെയ്യുകയാണ്. നിർണായക തെളിവായ ദൃശ്യങ്ങളുമായി ഹാജരാകാൻ പൊലീസ് റോയിക്ക് നോട്ടീസ് നൽകിയിരുന്നു.
അപകടം നടക്കുന്നതിന് മുമ്പ് മോഡലുകൾ നിശാപാർട്ടിയിൽ പങ്കെടുത്ത ഫോർട്ടുകൊച്ചിയിലെ നമ്പർ 18 ഹോട്ടലിന്റെ ഉടമയാണ് റോയ് വയലാറ്റ്. അപകടം നടന്നതിന് പിന്നാലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ മാറ്റിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഹോട്ടൽ ഉടമ ആവശ്യപ്പെട്ടിട്ടാണ് ദൃശ്യങ്ങൾ മാറ്റിയതെന്ന് ജീവനക്കാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഹോട്ടലുടമ റോയ് ടെക്നീഷ്യനോട് ചോദിച്ചറിഞ്ഞ ശേഷമാണ് ഹോട്ടലിലെ ഡി വി ആർ മാറ്റിയതെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇടുക്കിയിലായിരുന്ന ടെക്നീഷ്യനെ റോയ് വിളിച്ചത് വാട്സ് അപ് കോളിൽ ആണെന്നും കണ്ടെത്തി. അതേസമയം ദൃശ്യങ്ങൾ മാറ്റിയെങ്കിലും എൻ വി ആറിൻ്റെ കാര്യം വിട്ടു പോയി. പൊലീസിന് ലഭിച്ചത് എൻവിആറിലെ ദ്യശ്യങ്ങൾ മാത്രമാണ്.
ഡിജെ പാര്‍ട്ടി നടന്ന ഹാളിലെയും പാര്‍ക്കിങ് ഏരിയയിലെയും ദൃശ്യങ്ങള്‍ മാത്രമാണ് നശിപ്പിക്കപ്പെട്ടത്. ഇതുകൊണ്ടു തന്നെ ഇവിടെ വച്ചു വാക്കുതര്‍ക്കം പോലെയെന്തോ ഉണ്ടായിട്ടുണ്ടാവുമെന്നാണ് നിഗമനം. ഇതേതുടര്‍ന്നാകാം അന്‍സി കബീറും അഞ്ജന ഷാജനും സുഹൃത്തുക്കളും ഹോട്ടല്‍ വിട്ടതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
ഫോര്‍ട്ട് കൊച്ചിയില്‍നിന്ന് അപകടം നടന്ന ചക്കരപ്പറമ്പ് വരെ രണ്ടു കാറുകള്‍ അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്ന്നിട്ടുണ്ട്. അപകടത്തില്‍ മരിച്ച രാത്രിയില്‍ മോഡലുകൾ പാര്‍ട്ടിയില്‍ പങ്കെടുത്ത ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിൽ ഒരു പ്രമുഖൻ ഉണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. മാള സ്വദേശിയാണ് ആ പ്രമുഖനെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രമുഖനെ രക്ഷിക്കാനായാണ് സിസി ടിവി ദൃശ്യങ്ങള്‍ പൂഴ്ത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. അയാള്‍ സിനിമാനടനാണെന്നും അല്ല രാഷ്ട്രീയക്കാരനാണെന്നുമാണ് അഭ്യൂഹം. പാര്‍ട്ടിക്ക് പിന്നാലെ മോഡലുകള്‍ പോകാനിടയായ സംഭവത്തെ കുറിച്ചു ഹോട്ടല്‍ ഉടമയ്ക്കു അറിവുണ്ടെന്നാണു പൊലീസിന് ലഭിക്കുന്ന വിവരം.
ബിസിനസ് കാര്യങ്ങളില്‍ ഹോട്ടലുടമയ്ക്ക് വലിയ സഹായം ചെയ്യുന്നയാളാണ് ഇയാളെന്നും ഹോട്ടലില്‍ ഇയാള്‍ക്കായി ഒരുമുറി ഒഴിച്ചിട്ടിരുന്നതായും പൊലീസിന് ലഭിച്ച വിവരങ്ങളില്‍ ഉണ്ടെന്നാണ് സൂചന. കൊല്ലപ്പെട്ട യുവതികളെ സംഭവ ദിവസം രാത്രി ഹോട്ടലുടമ വിഐപിക്കു പരിചയപ്പെടുത്തിയാതായും വിവരമുണ്ട്. അപകടം നടന്ന രാത്രിയില്‍ യുവതികളുടെ കാര്‍ ഓടിച്ച അബ്ദുള്‍ റഹിമാനും മാള സ്വദേശിയാണ്.
കെട്ടിട നിര്‍മാതാവു കൂടിയായ ഹോട്ടലുടമ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തിരുന്ന വിഐപിയുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ്, നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ ഒളിപ്പിച്ച ശേഷം ഹോട്ടലുടമ ഒളിവില്‍ പോയതെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം. തെളിവ് നശിപ്പിച്ചെന്നറിഞ്ഞിട്ടും ഹോട്ടലുടമ റോയിക്കെതിരെ നടപടി വൈകുന്നതിന് ഡിജിപി കമീഷണറോട് വിശദീകരണം ചോദിച്ചിരുന്നു. കേസ് ഒതുക്കാൻ ബാഹ്യസമ്മർദ്ദമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നായിരുന്നു ഡിജിപിയുടെ ഇടപെടൽ.