കോട്ടയം കാത്ത് യുഡിഎഫ് ; ഒരു വോട്ടിന് ബിൻസി സെബാസ്റ്റ്യൻ വീണ്ടും അധ്യക്ഷ

കോട്ടയം: യുഡിഎഫ്- എൽഡിഎഫ് അംഗസംഖ്യ തുല്യമായ കോട്ടയം നഗരസഭയിൽ അധ്യക്ഷ സ്ഥാനം യുഡിഎഫിന്. ഒരു വോട്ടിന് യുഡിഎഫിലെ ബിൻസി സെബാസ്റ്റ്യൻ വീണ്ടും അധ്യക്ഷയായി. ചികിൽസയിലായിരുന്ന എൽഡിഫ് അംഗം വോട്ടെടുപ്പിൽ പങ്കെടുക്കാതിരുന്നതും ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചതും ബിൻസിയുടെ ജയം ഉറപ്പാക്കി.

തൻ്റെ ജയം സത്യത്തിൻ്റെ വിജയമാണെന്ന് ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു. 52 അംഗ നഗരസഭയിൽ യു ഡി എഫിനും യുഡിഎഫിനും 22 സീറ്റുകൾ വീതമാണ് ഉള്ളത്. ബിജെപിക്ക് എട്ട് കൗൺസിലർമാരുണ്ട്. പ്രതിപക്ഷനേതാവ് ഷീജ അനിലായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. ബിജെപിക്കായി റീബാ വർക്കി മത്സരിച്ചു. കഴിഞ്ഞ തവണയും ഇവർ മൂന്നുപേരും തന്നെയാണ് മത്സരിച്ചത്.

സെപറ്റംബർ 24 ന് എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ ബിജെപി പിന്തുണച്ചതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. യുഡിഎഫിലെ അസംതൃപ്തി തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്തവണ എൽഡിഎഫ്. കോൺ​ഗ്രസ് കൗൺസില‍ർമാരിൽ ചിലരും കേരള കോൺ​ഗ്രസ് പിജെ ജോസഫ് വിഭാ​ഗം പ്രതിനിധിയുമായും എൽഡിഫ് ആശയവിനിമയം നടത്തിയിരുന്നെങ്കിലും ഇത് വിജയിച്ചില്ല.