നിർമ്മത്തിലിരിക്കുന്ന വീട് തകര്‍ന്ന് വീണു; നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്ന ഒമ്പത് പേരെ രക്ഷപ്പെടുത്തി

കോഴിക്കോട്: ചെറുകുളത്തൂരില്‍ നിർമ്മത്തിലിരിക്കുന്ന വീട് തകര്‍ന്ന് വീണു. വീട്ടിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്ന ഒമ്പത് പേരെ രക്ഷപ്പെടുത്തി. കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ ഏറെ നേരം തീവ്രശ്രമം നടത്തിയിരുന്നു.

ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വീട് ഇടിഞ്ഞ് വീണത്. വീടിന്റെ രണ്ടാം നിലയുടെ പണി പുരോഗമിക്കുന്നതിനിടെ വീട് തകര്‍ന്നുവീഴുകയായിരുന്നു. ഈസമയം പണി നടത്തി കൊണ്ടിരുന്നവരാണ് തകർന്ന വീട്ടിൽ കുടുങ്ങിയത്.

വിവരം അറിഞ്ഞ് കുന്ദമംഗലം, മുക്കം എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘമാണ് സ്ഥലത്തെത്തിയത്. കോണ്‍ക്രീറ്റ് സ്ലാബുകള്‍ മുറിച്ചുമാറ്റിയാണ് ഇതിനിടയിൽ അകപ്പെട്ടവരെ രക്ഷിച്ചത്. പെരുവയല്‍ പരിയങ്ങാട് അരുണിന്റെ വീടാണ് തകര്‍ന്നത്.