ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് അരുംകൊല നടത്താന്‍ എസ്.ഡി.പി.ഐക്ക് ലൈസന്‍സ് കൊടുത്തത് പിണറായി

കണ്ണൂര്‍: പാലക്കാട് പട്ടാപ്പകല്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. അരുംകൊല നടത്താന്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് ലൈസന്‍സ് നല്‍കിയത് പിണറായി സര്‍ക്കാരാണെന്ന് കൃഷ്ണദാസ് പറഞ്ഞു. ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകം പൊറുക്കാനാകാത്ത അപരാധമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ചെങ്കൊടിയും പച്ചക്കൊടിയും ചേര്‍ത്തുകെട്ടി എസ്.ഡി.പി.ഐ നടത്തുന്ന കാടത്തം വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,

‘ഒരു സ്വയംസേവകന്‍ കൂടി നഷ്ടപ്പെട്ടിരിക്കുന്നു. പാലക്കാട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ വെട്ടി കൊലപ്പെടുത്തിയ എലപ്പുള്ളി എടുപ്പുകുളം സ്വദേശി സഞ്ജിത്തിന്റെ വിയോഗം പൊറുക്കാനാകാത്ത അപരാധമാണ്. രാവിലെ 9 മണിയോടെയാണ് കൊലപാതകം നടക്കുന്നത്. ഭാര്യയുമായി ബൈക്കില്‍ പോകുമ്പോള്‍ കാറിലെത്തിയ സംഘം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പട്ടാപ്പകല്‍ അരുംകൊല നടത്താന്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് ലൈസന്‍സ് നല്‍കുന്നത് പിണറായി സര്‍ക്കാരാണ്.

തിരഞ്ഞെടുപ്പില്‍ സഹായിച്ചതിന്റെ പ്രത്യുപകാരം ചെയ്യുകയാണ് സി.പി.എം. ചെങ്കൊടിയും പച്ചക്കൊടിയും ചേര്‍ത്തുകെട്ടി എസ്.ഡി.പി.ഐ നടത്തുന്ന കാടത്തം വെച്ചുപൊറുപ്പിക്കില്ല. വേരോടെ പിഴുതെറിയാന്‍ ഒരു മടിയുമില്ല. സഞ്ജിത്തിന്റെ കൊലപാതകികളെ ഉടന്‍ പിടിച്ചില്ലെങ്കില്‍ ഞാനുള്‍പ്പെടെ ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും ക്ലിഫ് ഹൗസിലുണ്ടാകും. പ്രതിഷേധം അവിടെ ആയിരിക്കും’, കൃഷ്ണദാസ് കുറിച്ചു.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് മമ്പറത്ത് ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ (27) ഭാര്യയുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയത്. രാവിലെ ഭാര്യയുമായി ബൈക്കില്‍ പോകുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.