സംസ്ഥാനത്ത് പ്ലസ് വൺ അധിക ബാച്ചുകൾ ഈമാസം 23ന് പ്രഖ്യാപിക്കും ; ആശങ്ക വേണ്ടെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ അധിക ബാച്ചുകൾ ഈമാസം 23ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും തുടർ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കും. ഇക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.

സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച് പൊതുസമൂഹത്തിലാകെ ഉത്കണ്ഠയുണ്ടായിരുന്നു. മാർഗ്ഗരേഖ അനുസരിച്ചുള്ള അധ്യാപനം ഉറപ്പാക്കിയതിലൂടെ സർക്കാരിന് ആ ഉത്കണ്ഠ അകറ്റാൻ സാധിച്ചുവെന്നും സ്‌കൂൾ തുറന്നതിനു ശേഷം 80 ശതമാനത്തോളം വിദ്യാർത്ഥികൾ പല ദിവസങ്ങളിലായി ഹാജരായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

85000 ത്തോളം കുട്ടികൾക്ക് ആണ് പ്ലസ് വൺ സീറ്റില്ലെന്ന് വ്യക്തമായത്. താലൂക്ക് അടിസ്ഥാനത്തിൽ കണക്കെടുത്ത് സീറ്റ് ക്ഷാമം പരിഹരിക്കുമെന്ന് നിയമസഭയിൽ മന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയ കുട്ടികൾ പോലും സീറ്റിനായി നെട്ടോട്ടം ഓടുമ്പോഴും അലോട്ട്മെന്‍റ് തീർന്നാൽ സീറ്റ് മിച്ചം വരുമെന്നായിരുന്നു വിദ്യാഭ്യാസമന്ത്രി ആദ്യം പറഞ്ഞിരുന്നത്.

മാനേജ്മെന്‍റ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, അൺ എയ്ഡഡ് സീറ്റുകളെല്ലാം കൂട്ടിയുള്ള ആ വാദം മന്ത്രി ആവർത്തിച്ചെങ്കിലും താഴത്തട്ടിലെ സ്ഥിതി പരിശോധിക്കാമെന്ന് ഒടുവിൽ സർക്കാർ സമ്മതിയ്ക്കുകയായിരുന്നു.

കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ സ്കൂളുകൾക്ക് കളക്ടർ ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ മഴക്കെടുതി രൂക്ഷമായ നെയ്യാറ്റിൻകര താലൂക്കിൽ ഇന്ന് രാവിലെ 8.58ഓടെയാണ് കലക്ടർ അവധി പ്രഖ്യാപിച്ചത്. വൈകി എത്തിയ അവധി അറിയിപ്പ് അറിയാതെ കുട്ടികളെല്ലാം സ്കൂളുകളിൽ എത്തിയിരുന്നു. പിന്നീട് തിരിച്ചുപോയി. ഇത് വ്യാപക പരാതിക്ക് വഴിവെച്ചിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും അവധി വൈകി പ്രഖ്യാപിച്ചോ എന്ന് പരിശോധിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.