അക്കൗണ്ടിലും രജിസ്റ്ററിലും സോഫ്റ്റ്‌വേറിലും ‌തിരിമറി നടത്തി; പെട്രോൾ പമ്പിൽ നിന്ന് ദമ്പതിമാർ ലക്ഷങ്ങൾ തട്ടി

തിരുവനന്തപുരം: പെട്രോൾ പമ്പിൽ നിന്ന് ദമ്പതിമാർ ലക്ഷങ്ങൾ തട്ടിയതായി പരാതി. നെടുമങ്ങാട്-പൊന്മുടി റോഡിൽ ചേന്നൻപാറയിലുള്ള പെട്രോൾ പമ്പിൽ നിന്ന് ഭാര്യയും ഭർത്താവും ചേർന്ന് തട്ടിയത് 18 ലക്ഷം രൂപയോളം. കേസിലെ പ്രതികളായ ദമ്പതിമാരിൽ ഭർത്താവിനെ റിമാൻഡ് ചെയ്തു. ഭാര്യയ്ക്ക് ജാമ്യം ലഭിച്ചു.

പമ്പിലെ ജീവനക്കാരായിരുന്ന ദമ്പതിമാർ പല ഘട്ടങ്ങളായി 18 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് കേസ്. മേമല രാജിഭവനിൽ രാഹുലി(31) ആണ് റിമാൻഡിലായത്. പമ്പിലെ താത്കാലിക ജീവനക്കാരനായിരുന്നു രാഹുൽ. ഭാര്യ നീനുരാജ് ഇതേ പെട്രോൾ പമ്പിൽ അക്കൗണ്ടൻറും. 2020 മാർച്ച് മുതൽ 2021 ജൂലായ്‌ വരെയുള്ള കാലയളവിൽ പണം അപഹരിച്ചെന്നാണ് കേസ്.

അക്കൗണ്ടിലും രജിസ്റ്ററിലും സോഫ്റ്റ്‌വേറിലും ‌തിരിമറി നടത്തി. വ്യാജരേഖകളും സൃഷ്ടിച്ചു. എന്നാൽ അക്കൗണ്ട് ഓഡിറ്റ് നടത്തുന്നതിനിടെ പമ്പുടമ തട്ടിപ്പ് തിരിച്ചറിഞ്ഞു. പിന്നീട് പണം തിരികെ നൽകാമെന്ന് സമ്മതിച്ചെങ്കിലും പ്രതികൾ ഒളിവിൽപ്പോയി.