കൊറോണ നിയന്ത്രണങ്ങൾ മാറിയിട്ടും അസമയത്ത് വരെ ഓൺലൈൻ മീറ്റിങ്ങുകൾ; പൊറുതിമുട്ടി വനിതാ ജീവനക്കാർ

തിരുവനന്തപുരം: കൊറോണ നിയന്ത്രണങ്ങൾ മാറി ജനജീവിതം സാധാരണ നിലയിലേക്ക് മാറുമ്പോഴും
സമയത്തെയും അസമയത്തെയും ഓൺലൈൻ മീറ്റിംഗുകളിൽ നിന്ന് രക്ഷപ്പെടാനാകാതെ വനിതാ ജീവനക്കാരും അധ്യാപകരും വിദ്യാർഥികളും. പൊതു അവധി ദിവസങ്ങളിൽ പോലും ഓൺലൈൻ മീറ്റിംഗുകളിൽ പൊറുതിമുട്ടുകയാണ് പലരും. പരാതിപ്പെട്ടാൽ പാരയാകുമോയെന്ന് ഭയന്ന് ഏറെപ്പേരും ഇത് അഡ്ജസ്റ്റ് ചെയ്യുകയാണ്.

“ഓഫീസിൽനിന്നു വീട്ടിലെത്തുമ്പോഴേക്കും അടുത്ത ഓൺലൈൻ മീറ്റിങ്ങിന്റെ സമയമാകും. കുട്ടികൾക്ക് ആഹാരം ഉണ്ടാക്കിക്കൊടുക്കാനുള്ള സാവകാശംപോലും കിട്ടില്ല. ചില യോഗങ്ങൾ രാത്രിയോളം നീളും. ഞായറാഴ്ചകൾപോലും ഓൺലൈൻ യോഗങ്ങൾക്ക് മാറ്റിവെക്കേണ്ടിവരുന്നുണ്ട്.’’ – കൊറോണ അതിജീവനത്തിനൊപ്പം ജീവിതത്തിന്റെ ഭാഗമായി മാറിയ ഓൺലൈൻ മീറ്റിങ്ങുകൾ അതിരുവിടുന്നതിലെ ബുദ്ധിമുട്ടാണ് സർക്കാർജീവനക്കാരിയായ വീട്ടമ്മയുടെ വാക്കുകളാണിത്.

ഓഫീസുകൾ സാധാരണഗതിയിലേക്ക് മാറിയെങ്കിലും പല വകുപ്പുകളിലും ഓഫീസ് സമയത്തിനുശേഷവും അവധിദിനങ്ങളിലും അവലോകന യോഗങ്ങൾ നടക്കുന്നുണ്ട്. തുടങ്ങാൻ സമയം നിശ്ചയിക്കാറുണ്ടെങ്കിലും തീരുന്നത് വകുപ്പുതലവന്റെ സൗകര്യത്തിനായിരിക്കും. അച്ചടക്കനടപടി പേടിച്ച് ആരും പരാതിപ്പെടില്ല. കുട്ടികളുടെ പഠനം, പ്രായമായ മാതാപിതാക്കളുടെ പരിചരണം, വീട്ടുജോലികൾ ഇങ്ങനെ പലതും താളംതെറ്റുന്നതിനാൽ സ്ത്രീജീവനക്കാരിൽ പലരും കടുത്ത മാനസികസംഘർഷത്തിലാണ്.

രാത്രി വൈകി നടത്തുന്ന വീഡിയോ കോൺഫറൻസുകൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അടുത്തിടെ വാട്ടർ അതോറിറ്റിയിലെ എൻജിനിയർമാരുടെ സംഘടന മന്ത്രിക്ക് പരാതി നൽകിയിരുന്നു. സ്ഥാനക്കയറ്റം നേടിയവർക്ക് രാത്രി ഓൺലൈൻ പരിശീലനം നൽകിയതും വിമർശനത്തിനിടയാക്കിയിരുന്നു.

ഓൺലൈൻ യോഗങ്ങൾ ഒരുപരിധിവരെ നേട്ടമാണെന്ന് ജീവനക്കാർ പറയുന്നു. തിരുവനന്തപുരത്ത് ഒരു യോഗം വിളിച്ചാൽ കാസർകോട് നിന്നുള്ളവർവരെ എത്തേണ്ടിയിരുന്നു. അതൊഴിവാക്കാം. മറ്റു ഓഫീസ് ജോലികൾ തടസ്സപ്പെടില്ല. സർക്കാർതന്നെ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചാൽ പരിഹാരം കാണാനാകുമെന്നും ജീവനക്കാർ പറയുന്നു.

അസമയത്തെ ഓൺലൈൻ മീറ്റിങ്ങുകൾ സ്ത്രീകൾക്ക് അസൗകര്യമായതിനെത്തുടർന്നാണ് പരാതിപ്പെട്ടത്. ഓഫീസിലെ ജോലികളെല്ലാം തീർത്തശേഷമാണ് വീണ്ടും യോഗങ്ങളിൽ പങ്കെടുക്കേണ്ടിയിരുന്നത്. മന്ത്രിയോട് പരാതിപ്പെടതിനു ശേഷമാണ് പരിഹാരമുണ്ടായത്.