കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യാത്ര ചെയ്യാന്‍ സ്വകാര്യ വിമാന കമ്പനികളുമായി കരാര്‍ ഒപ്പിടില്ലെന്നു ദിപം

ന്യൂഡെൽഹി: എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യാത്ര ചെയ്യാന്‍ വേണ്ടി സ്വകാര്യ വിമാന കമ്പനികളുമായി കരാര്‍ ഒപ്പിടില്ലെന്നു ദിപം (DIPMA-Department of Investment and Public Asset Management,) സെക്രട്ടറി തുഹീന്‍ കാന്‍ഡ പാണ്ഡേ. എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു കഴിഞ്ഞാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തങ്ങള്‍ക്ക് ലഭ്യമാകുന്ന ഏറ്റവും നല്ല ഓഫറില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുമെന്ന് ദിപം സെക്രട്ടറി പറയുന്നു.

എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണം യാഥാര്‍ഥ്യമായി കഴിഞ്ഞാല്‍ രാജ്യത്ത് മറ്റൊരു പൊതുമേഖല വിമാന കമ്പനി ഉണ്ടാവുകയില്ല. അതിനാല്‍ തന്നെ ഏതെങ്കിലും സ്വകാര്യ വിമാന കമ്പനിയുടെ സര്‍വീസ് മാത്രമേ ഉപയോഗിക്കാവൂ എന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കാനും കഴിയില്ല. ഇക്കാര്യമാണ് ദിപം സെക്രട്ടറി വ്യക്തമാക്കിയത്.

ഔദ്യോഗിക യാത്രകളില്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് എക്‌സ്‌പെന്‍ഡിച്ചര്‍ വകുപ്പ് മേധാവി ഉടന്‍തന്നെ എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും കത്തയക്കും. എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണ നടപടികള്‍ പൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ ഔദ്യോഗിക യാത്രകളെ സംബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കേണ്ടതുണ്ട് എന്നതിനാലാണിത്.

ഡിസംബര്‍ അവസാനത്തോടെ എയര്‍ഇന്ത്യ ടാറ്റാ ഗ്രൂപ്പില്‍ കൈമാറാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. പതിനെട്ടായിരം കോടിയുടെ ഈ ഇടപാടിലൂടെ എയര്‍ഇന്ത്യയുടെ 15300 കോടി രൂപ കടം ടാറ്റാ ഗ്രൂപ്പിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡിന്റെതാകും. 2700 കോടി രൂപയാണ് ഇതുവഴി കേന്ദ്ര സര്‍ക്കാരിന് ലഭിക്കുക. നേരത്തെ എയര്‍ ഇന്ത്യയ്ക്ക് വരുമാനം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍, ജീവനക്കാരുടെ ഔദ്യോഗിക യാത്രയ്ക്ക് എയര്‍ഇന്ത്യ സര്‍വീസ് മാത്രമേ ഉപയോഗിക്കാവൂ എന്ന് നിബന്ധന പുറപ്പെടുവിച്ചിരുന്നു.