വാക്സീനെടുത്തിട്ടും കൊറോണ ബാധിതർ കൂടുന്നു; പ്രതിരോധശേഷി കുറയുന്നോ എന്ന് ആശങ്ക

തിരുവനന്തപുരം: വാക്സിനെടുത്തിട്ടും കൊറോണ വരുന്ന ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷന്‍ കേസുകള്‍ സംസ്ഥാനത്ത് കൂടുന്നു. ഒരു ഡോസ് വാക്സിനെടുത്ത ശേഷം കൊറോണ വന്നവരേക്കാള്‍ ഇരട്ടിയിലധികം പേര്‍ക്കാണ് രണ്ട് ഡോസ് വാക്സിനെടുത്തിട്ടും കൊറോണ വന്നത്. കൊറോണക്കെതിരെയുള്ള പ്രതിരോധശേഷി കുറഞ്ഞു വരുന്നുണ്ടോയെന്നത് പഠിക്കണമെന്ന് ആരോ​ഗ്യ
വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നംവംബര്‍ മാസത്തില്‍ ഇതുവരെ 86,567 കൊറോണ കേസുകളാണുണ്ടായത്. ഇതില്‍ 15,526 പേര്‍ ഒരു ഡോസ് വാക്സിനെടുത്തവരാണ്. എന്നാല്‍ രണ്ട് ഡോസ് വാക്സിനുമെടുത്തവരിലെ കൊറോണ ബാധ ഇതിന്റെ ഇരട്ടിയാണ്. രണ്ട് ഡോസ് വാക്സിനുമെടുത്ത 33,404 പേര്‍ക്കാണ് കൊറോണ വന്നത്. പത്തുലക്ഷം പേരിലെ കണക്കെടുക്കുമ്പോൾ ഒരുഡോസെടുത്ത് കൊറോണ വന്നവരുടെ എണ്ണം 1262 ആണെങ്കില്‍ 2 ഡോസുമെടുത്ത് കൊറോണ വന്നവരുടെ എണ്ണം 2570 ആണ്.

മുമ്പ് കൊറോണ വന്നതും പിന്നീട് ഒരു ഡോസ് വാക്സിനെടുത്തതും ചേര്‍ത്തുള്ള ഹൈബ്രിഡ് പ്രതിരോധമാകാം ഒരു ഡോസ് മാത്രമെടുത്തവരിലെ കൊറോണ എണ്ണം കുറയാന്‍ കാരണമെന്നാണ് ഒരു നിഗമനം. എന്നാല്‍ രണ്ട് ഡോസുമെടുത്തിട്ടും കൊറോണ വരുന്നവരുടെ എണ്ണം കൂടുന്നതിന് പിന്നില്‍ പ്രതിരോധശേഷി കുറയുന്നതടക്കമുള്ള കാരണങ്ങളുണ്ടോയെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു.

അതേസമയം മരണവും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കുറയുന്നുണ്ട്. 86,000ത്തിലധികം പേര്‍ക്ക് കൊറോണ വന്നപ്പോള്‍ മരണം 656ലൊതുങ്ങി. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നത് 4589 പേരെ. നവംബറിലെ കൊറോണ ബാധിതരില്‍ ഇതുവരെ വാക്സിനെടുത്തിട്ടില്ലാത്ത 24,081 പേരുമുണ്ട്.