കണ്ണൂർ വൈസ്ചാൻസലർ നിയമനം; ചട്ട വിരുദ്ധ വിജ്ഞാപനം റദ്ദാക്കാൻ ഗവർണർക്ക് നിവേദനം

തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാല വൈസ്ചാൻസലർ നിയമനത്തിന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി പ്രസിദ്ധീകരിച്ച വിജ്ഞാപനം ചട്ട വിരുദ്ധവും നിയമനം നൽകാൻ ഉദ്ദേശിക്കുന്ന വ്യക്തിയെ മുൻകൂട്ടി കണ്ടുകൊണ്ടുമെന്ന് ആക്ഷേപം. യുജിസി നിബന്ധന പ്രകാരമാണ് ഗവർണർ, വിസി യെ കണ്ടെത്താനുള്ള കമ്മിറ്റി യിൽ കീഴ്‌വഴക്കത്തിന് വ്യത്യസ്തമായി ഗവർണറുടെ പ്രതിനിധിയായി ഗവൺമെൻറ് സെക്രട്ടറിയെ ഒഴിവാക്കി പ്ലാനിങ് ബോർഡ് ചെയർമാനെ ഉൾപ്പെടുത്തിയതും അദ്ദേഹത്തെ കമ്മിറ്റിയുടെ കൺവീനറായി നിയമിച്ചതും.

എന്നാൽ വിസി സ്ഥാനത്തിനുള്ള പേരുകൾ ശുപാർശ ചെയ്യുന്നതിന് മുന്നോടിയായി പുറപ്പെടുവിച്ച വിജ്ഞാപനം, സേർച്ച്‌ കമ്മിറ്റി അംഗമല്ലാത്ത ഉന്നതവിദ്യാഭ്യാസ സെക്രട്ടറി പുറപ്പെടുവിച്ചിരിക്കുന്നത് നിയമനത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകുമെന്നതിന് സൂചനയാണ്. വിസി യായി നിയമിതനാകുന്ന വ്യക്തിക്ക് 60 വയസ്സ് പൂർത്തിയാകരുതെന്ന് യൂണിവേഴ്സിറ്റി ആക്ടിൽ വ്യവസ്ഥ ചെയ്തിരിക്കെ, ആക്ടിലെ വകുപ്പിന് ഘടകവിരുദ്ധമായി വിജ്ഞാപന തീയതിൽ 60 വയസ്സ് പൂർത്തിയാകാൻ പാടില്ലെന്നാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്.

60 വയസ്സ് പൂർത്തിയായി കഴിഞ്ഞ ഒരു വ്യക്തിയെ ഉന്നം വച്ചാണ് ചട്ടവിരുദ്ധമായി പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കണ മെന്നും യൂണിവേഴ്സിറ്റി നിയമപ്രകാരം പുതുക്കിയ
വിജ്ഞാപനം പുറപ്പെടുവിക്കാൻ കണ്ണൂർ സർവ്വകലാശാല രജിസ്ട്രാർക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാർ, സെക്രട്ടറി എം ഷാജർഖാൻ എന്നിവർ ഗവർണർക്ക് നിവേദനം നൽകി.