വിട്ടുവീഴ്ചയില്ല; ശമ്പളപരിഷ്‌കരണം നടപ്പിലാക്കണം; കെ എസ് ആര്‍ ടി സിയില്‍ വീണ്ടും പണിമുടക്ക് പ്രഖ്യാപിച്ച്‌ യുഡിഎഫ് സംഘടന

തിരുവനന്തപുരം: ശമ്പളപരിഷ്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സിയില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച്‌ യു.ഡി.എഫ് സംഘടനയായ ടി.ഡി.എഫ്. പണിമുടക്ക് തുടങ്ങുന്ന തീയതി ഉടന്‍ പ്രഖ്യാപിക്കും. സംയുക്ത തൊഴിലാളി യൂണിയന്‍ നേരത്തെ ശമ്പള പരിഷ്‌കരണമെന്ന ആവശ്യം ഉന്നയിച്ച്‌ പണിമുടക്കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ഉറപ്പും ലഭിച്ചിട്ടില്ലെന്ന് ‌ ‌ ടി.ഡി.എഫ് പറയുന്നു.

നേരത്തേത് സൂചന പണിമുടക്കായിരുന്നു. ഉറപ്പുകള്‍ പാലിക്കാത്തതിനാലാണ് വീണ്ടും സമരത്തിനിറങ്ങുന്നതെന്നും ടി.ഡി.എഫ് വ്യക്തമാക്കി. കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ നല്‍കിയിട്ടില്ലെന്നും ഈ മാസം 15 മുതല്‍ ചീഫ് ഓഫീസിന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹവും ആരംഭിക്കുമെന്നും സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.