കോഴിക്കോട്: ബൈക്ക് യാത്രികനെ തടഞ്ഞ് ഒരു കിലോയിലേറെ തൂക്കമുള്ള സ്വര്‍ണക്കട്ടി കവര്‍ന്ന കേസില്‍ ഒരാള്‍ പിടിയില്‍. കക്കോടി മൂട്ടോളി സ്വദേശി കെ.കെ. ലതീഷിനെയാണ് (37) കസബ പൊലീസ് അറസ്റ്റു ചെയ്തത്. സെപ്റ്റംബര്‍ 20ന് രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം.
കണ്ടംകുളം ജൂബിലി ഹാളിനു സമീപം ലിങ്ക് റോഡിലെ സ്വര്‍ണ ഉരുക്കുശാലയില്‍ നിന്നും മാങ്കാവിലെ താമസസ്ഥലത്തേക്ക് കൊണ്ടുപോവുകയായിരുന്ന 1.2 കിലോഗ്രാം സ്വര്‍ണം ബംഗാള്‍ വര്ധമാന് സ്വദേശി റംസാന് അലിയില്‍ നിന്നാണ് സംഘം കവര്‍ന്നെടുത്തത്.
നാലു ബൈക്കുകളിലായി എത്തിയ എട്ടംഗ സംഘമാണ് സ്വര്‍ണം കവര്‍ന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രദേശത്തെ വിവിധ വ്യാപാരസ്ഥാപനങ്ങളിലെയടക്കം സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച ചില സൂചനകളില്‍ നിന്നാണ് പ്രതികളിലൊരാളെ തിരിച്ചറിഞ്ഞത്.
കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ കേസിലെ മറ്റു പ്രതികളെ കുറിച്ചുള്ള വിവരം ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ടൗണ്‍ അസി. കമീഷണര്‍ പി. ബിജുരാജിന്റെ മേല്‍നോട്ടത്തില്‍ കസബ ഇന്‍സ്പെക്ടര്‍ എന്‍. പ്രജീഷാണ് കേസ് അന്വേഷണം നടത്തുന്നത്.