കൊച്ചി കമ്മീഷണർ അടക്കമുള്ളവർ ഭരണകക്ഷിയുടെ പിണിയാളുകളായി മാറിയെന്ന് മുഹമ്മദ് ഷിയാസ്

കൊച്ചി: സിറ്റി പോലീസ് കമ്മീഷണർ അടക്കമുള്ള പൊലീസ് ഉദ്യോഗസ്‌ഥർ ഭരണകക്ഷിയുടെ പിണിയാളുകളായി മാറിയെന്ന് എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. കമ്മീഷണറുടെ ഭാര്യയും പോലീസ് ഉദ്യോഗസ്‌ഥയാണ്. എന്നിട്ടും വഴിവിട്ട് സി പി എമ്മിന് വിധേയരാകുന്ന ഇവരുടെ നടപടി ജനങ്ങൾക്ക് മുന്നിൽ അവമതിപ്പുണ്ടാക്കാനേ ഇടയാക്കൂ.

സ്ത്രീകളെ അസഭ്യം പറഞ്ഞതിന്റെ പേരിൽ കേസ് പോലും എടുക്കാൻ തയാറാകാത്ത പോലീസ് നടപടി കേരളത്തിനാകെ നാണക്കേടാണ്. ഇതിനെതിരെ വരും ദിവസങ്ങളിൽ സമരം ശക്തിപ്പെടുത്തുമെന്നും മുഹമ്മദ് ഷിയാസ് കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോൺഗ്രസിന്റെ പ്രതിഷേധം സിനിമാലോകത്തിനെതിരല്ല. കോൺഗ്രസിന്റെ സമരവേദിയിൽ എത്തി സ്ത്രീകളടക്കമുള്ളവരെ അധിക്ഷേപിച്ചത് ജോജു ജോർജാണ്. വഴി തടഞ്ഞ് സമരം നടത്തുന്നത് പോക്രിത്തരമാണെന്ന അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നുണ്ടെങ്കിൽ വഴി തടഞ്ഞും ജനങ്ങളെ ബുദ്ധിമുട്ടിച്ചും സിനിമ ചിത്രീകരണം നടത്തുന്നത് പോക്രിത്തരമാണോ എന്ന് ജോജു ജോർജ് വ്യക്തമാക്കണം.

സിനിമ മേഖലയോട് എന്നും അനുഭാവപൂർണമായ നിലപാടാണ് കോൺഗ്രസ് എന്നും എടുത്തിട്ടുള്ളത്. അത് തുടരുകയും ചെയ്യും. ചാനലുകളിൽ വന്നിരുന്ന് വാചക കസർത്ത് നടത്തുന്ന ബി. ഉണ്ണികൃഷ്ണനെ പോലെയുള്ളവരെ ജനം തിരിച്ചറിയും. ജനങ്ങൾക്ക് വേണ്ടി സമരം നടത്തിയ പ്രവർത്തകരെ അപമാനിക്കാനും അധിക്ഷേപിക്കാനും ജോജു ജോർജ് എന്നല്ല ആര് മുതിർന്നാലും കോൺഗ്രസ് കയ്യും കെട്ടി നോക്കി നിൽക്കില്ലന്നും ഷിയാസ് മുന്നറിയിപ്പ് നൽകി. ബി. ഉണ്ണികൃഷ്ണന്റെ നിലപാടും സംഭവദിവസത്തെ പോലീസ് സ്റ്റേഷനിലെ സാന്നിധ്യവും സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു. ടോണി ചമ്മിണിയും പങ്കെടുത്തു.