‘ഇതു സര്‍ക്കസോ സിനിമയോ അല്ല, കോടതിയാണ് ; അര്‍ദ്ധ നഗ്നനായി സിറ്റിംഗിനെത്തിയ ആള്‍ക്ക് കര്‍ശന താക്കീതുമായി ഹൈക്കോടതി

കൊച്ചി: വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയുള്ള സിറ്റിംഗില്‍ ഷര്‍ട്ടില്ലാതെ അര്‍ദ്ധ നഗ്‌നനായി ഓണ്‍ലൈനില്‍ എത്തിയ ആള്‍ക്ക് താക്കീതുമായി ഹൈക്കോടതി. ഇതു സര്‍ക്കസോ സിനിമയോ ഒന്നുമല്ല, കോടതിയാണ്…’ എന്നാണ് കഴിഞ്ഞ ദിവസം കേസുകളില്‍ വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് ഓര്‍മ്മിപ്പിക്കേണ്ടി വന്നത്.

ഷര്‍ട്ട് ധരിച്ച വരാന്‍ നി‌ര്‍ദ്ദേശിച്ച കോടതി,​ അല്ലാത്ത പക്ഷം ഓണ്‍ലൈനില്‍ നിന്ന് ഒഴിവാക്കുമെന്നും അറിയിച്ചു. കോടതി നടപടികളില്‍ പങ്കെടുക്കുന്നവര്‍ കര്‍ശനമായി മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും കോടതി അറിയിച്ചു.

ബുധനാഴ്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കോടതിയില്‍ ഓണ്‍ലൈനില്‍ പങ്കുചേര്‍ന്നിരുന്ന കക്ഷികളില്‍ ഒരാളാണ് മാന്യമായി വസ്ത്രം ധരിക്കാതെ ക്യാമറയ്ക്ക് മുന്നിലെത്തിയത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് ഹൈക്കോടതി വളരെ നാളായി ഓണ്‍ലൈനിലാണ് സിറ്റിംഗ് നടത്തിയിരുന്നത്. ലോകത്തിന്റെ ഏത് കോണില്‍ നിന്ന് ആര്‍ക്കും കോടതി നടപടികളില്‍ സാക്ഷികളാകാനുള്ള അവസരമാണ് ഓണ്‍ലൈന്‍ സിറ്റിംഗിലൂടെ ലഭിക്കുന്നത്.

എന്നാല്‍,​ ഇത്തരം അവസരങ്ങളില്‍ നിശ്ചിത മര്യാദകള്‍ പാലിക്കേണ്ടത് അനിവാര്യമാണ്. കൊറോണ വ്യാപനം നിയന്ത്രണ വിധേയമായതോടെ കോടതിയില്‍ നേരിട്ട് വാദം കേള്‍ക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.