ദത്ത് വിവാദം: ശിശുക്ഷേമസമിതിക്കു മുന്നില്‍ സമരത്തിന് അനുപമ

തിരുവനന്തപുരം: നിയമവിരുദ്ധമായി തന്നില്‍ നിന്ന് അകറ്റിയ കുഞ്ഞിനെ തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ അനുപമ എസ് ചന്ദ്രന്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. ശിശുക്ഷേമസമിതിക്കു മുന്നില്‍ സമരം നടത്താനാണ് നീക്കം. ജന. സെക്രട്ടറി, സിഡബ്ള്യുസി അധ്യക്ഷ എന്നിവരെ മാറ്റുക, കുഞ്ഞിനെ സര്‍ക്കാര്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

എന്നാല്‍ കുഞ്ഞിനായുള്ള ആവശ്യം ഉന്നയിച്ച്‌ അനുപമ നിയമ നടപടിയിലേക്ക് നീങ്ങുകയും തുടക്കം മുതല്‍ കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ടിട്ടും നല്‍കാതെയുള്ള അധികൃതരുടെ നിലപാടും പരിശോധിച്ച കുടുംബ കോടതി ദത്ത് നപടികള്‍ നിര്‍ത്തിവെക്കാന്‍ നേരത്തെ ഉത്തരവിട്ടിരുന്നു.

‘കുഞ്ഞിനെ രാജ്യത്തിന് പുറത്തേക്ക് നാടുകടത്തുമോയെന്ന് ആശങ്കയുണ്ട്. കുഞ്ഞിന്‍റെ ജീവന്‍ അപായപ്പെടുത്തിയേക്കുമെന്ന് സംശയമുണ്ട്. കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയായിരിക്കും. കോടതി നടപടി പൂര്‍ത്തിയാകും വരെ കുഞ്ഞിനെ ഏറ്റെടുത്ത് സര്‍ക്കാര്‍ സംരക്ഷണയിലാക്കണം’- അനുപമ പരാതിയില്‍ ആവശ്യപ്പെട്ടു.