മുല്ലപ്പെരിയാർ മരംമുറി; സംയുക്ത പരിശോധന നടന്നിട്ടില്ലെന്ന പ്രസ്താവന തിരുത്തി വനം മന്ത്രി ; സഭയെ കബളിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുല്ലപ്പെരിയാർ മരംമുറി വിവാദത്തിൽ സംയുക്ത പരിശോധന നടന്നിട്ടില്ലെന്ന പ്രസ്താവന തിരുത്തി വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സബ്മിഷനായി ഈ വിഷയം ഉന്നയിച്ചിരുന്നു. മുല്ലപ്പെരിയാറിൽ സംയുക്ത പരിശോധന നടന്നില്ല എന്ന് പറഞ്ഞ വനംമന്ത്രി ഇന്ന് നടത്തിയതായി സഭയിൽ തിരുത്തി. രേഖയിൽ തിരുത്തൽ വരുത്തണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. സംയുക്ത പരിശോധന നടന്നില്ലെന്ന് പറഞ്ഞ മന്ത്രി സഭയെ കബളിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി.

തിങ്കളാഴ്ച പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് നൽകിയ വിശദീകരണത്തിൽ തിരുത്ത് വരുത്തുന്നുവെന്ന് അറിയിച്ച ശേഷമായിരുന്നു മന്ത്രിയുടെ ഇന്നത്തെ വിശദീകരണം. ഒരു തരത്തിലുള്ള പരിശോധനയും നടത്തിയിട്ടില്ലെന്ന് സഭയിൽ പറഞ്ഞ ശശീന്ദ്രൻ എ.കെ.ജി സെന്ററിന് മുന്നിൽ പോയി മാധ്യമങ്ങളോട് ഇത് മാറ്റി പറഞ്ഞു. ഇതിൽ ഏതാണ് തിരുത്താൻ പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

ജൂൺ 11ന് കേരളവും തമിഴ്നാടും മുല്ലപ്പെരിയാറിൽ സംയുക്ത പരിശോധന നടത്തിയിരുന്നു. ഇതിന് ശേഷം വീഡിയോ കോൺഫറൻസ് ഉൾപ്പെടെ നടത്തിയിരുന്നു. ഇതിന് ശേഷമാണ് മരം മുറിക്കാൻ അനുമതി നൽകിയത്. ഇതെല്ലാം കഴിഞ്ഞിട്ട് ഒന്നും അറിയില്ലെന്ന് സഭയിൽ പറയുന്നത് നിയമസഭയോടുള്ള അനാദരവും കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കലുമാണെന്നും സതീശൻ ആരോപിച്ചു. ഇതോടെ മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം ആവിയായിപ്പോയെന്നും സതീശൻ ആരോപിച്ചു.