മൊബൈൽ ചാർജ് ചെയ്യാൻ എത്തിയ പ്ലസ്ടു വിദ്യാർഥിനിയുടെ സ്വകാര്യ ചിത്രങ്ങൾ ചാറ്റിങ്ങിലൂടെ വാങ്ങിയ യുവാവ് അറസ്റ്റിൽ

മാനന്തവാടി: മൊബൈൽ ചാർജ് ചെയ്യാൻ എത്തി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പ്ലസ്ടു വിദ്യാർഥിനിയുടെ സ്വകാര്യ ചിത്രങ്ങൾ വിവാഹ വാഗ്ദാനം നൽകി വാട്സാപ് ചാറ്റിങ്ങിലൂടെ കൈക്കലാക്കിയ യുവാവ് അറസ്റ്റിൽ. വയനാട് മാനന്തവാടി എക്കണ്ടി വീട്ടിൽ മുഹമ്മദ് അജ്മലാണ് (21) പൊലീസിന്റെ പിടിയിലായത്. മുഹമ്മദ് അജ്മൽ ജോലിക്കു നിൽക്കുന്ന പാലായിലെ കടയിൽ പെൺകുട്ടി മൊബൈൽ ചാർജ് ചെയ്യാൻ എത്തിയിരുന്നു. ഇവിടെ നിന്ന് വിദ്യാർഥിയുടെ ഫോൺ നമ്പർ കരസ്ഥമാക്കിയ യുവാവ് തുടർന്ന് വാട്സാപ്പിലൂടെ നിരന്തരം ബന്ധപ്പെടുകയായിരുന്നു.

ഇരുവരും പ്രണയത്തിലായതിനെ തുടർന്ന് വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയുടെ നഗ്നചിത്രങ്ങളും വിഡിയോകളും ആവശ്യപ്പെടുകയായിരുന്നു. മാസങ്ങളോളം ചാറ്റിങ് തുടർന്നു. പെൺകുട്ടിയുടെ മാനസിക നിലയിൽ സംശയം തോന്നിയ രക്ഷിതാക്കൾ കുട്ടിയോട് സംസാരിച്ചപ്പോഴാണ് വിവരങ്ങൾ അറിയുന്നത്.

പൊലീസ് സ്റ്റേഷനിൽ മാതാപിതാക്കളോടൊപ്പം എത്തിയ പെൺകുട്ടി ചൈൽഡ് ഫ്രണ്ട്‌ലി ഓഫിസർക്ക് വിവരങ്ങൾ കൈമാറി. പാലായിൽ നിന്നു മുങ്ങിയ പ്രതി വയനാട്ടിൽ മൊബൈൽ കട നടത്തുകയായിരുന്നു. പ്രതിയുടെ പക്കൽ നിന്ന് മൊബൈൽ ഫോണും ലാപ്ടോപ്പും കണ്ടെടുത്തിട്ടുണ്ട്.

ഡിവൈഎസ്പി ഷാജു ജോസ്, എസ്എച്ച്ഒ കെ.പി.ടോംസൺ, എസ്ഐമാരായ അഭിലാഷ്, ഷാജി സെബാസ്റ്റ്യൻ, എഎസ്ഐ ജോജൻ ജോർജ്, ബിജു കെ.തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷെറിൻ സ്റ്റീഫൻ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.