ഓർത്തഡോക്സ് – യാക്കോബായ പള്ളിത്തർക്കം; നിയമം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുണ്ടോ? നിലപാടറിയിക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശം

കൊച്ചി: ഓർത്തഡോക്സ് – യാക്കോബായ പള്ളിത്തർക്കത്തിൽ നിയമം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് സർക്കാരിനോട് ഹൈക്കോടതി. നിയമനിർമ്മാണം സംബന്ധിച്ച് നിലപാടറിയിക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. അതേസമയം റിട്ടയേഡ് ജസ്റ്റിസ് കെടി തോമസ് കമ്മീഷൻ ശുപാർശകൾ പരിഗണനയിലെന്ന് സർക്കാർ ഹൈകോടതിയിൽ അറിയിച്ചു. പള്ളിത്തർക്കം സംബന്ധിച്ച ഹർജി ഈ മാസം 22-ന് വീണ്ടും പരിഗണിക്കാനായി മാറ്റി.

പള്ളിത്തർക്കത്തിൽ ജസ്റ്റിസ് കെ ടി തോമസ് കമ്മീഷൻ ശുപാർശ അംഗീകരിക്കാനാവില്ലെന്ന് മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്ക ബാവ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി വിധിയെ ലംഘിച്ചുകൊണ്ടുള്ള നിയമനിർമ്മാണത്തിന് സാധുതയില്ല. സർക്കാർ നിയമ നിർമ്മാണത്തിന് പോകുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കോടതി വിധി നടപാക്കാൻ ആർജ്ജവമുള്ള സർക്കാരാണ് ഭരിക്കുന്നത്.

പള്ളിത്തർക്കത്തിൽ നിയമം നിയമത്തിന്റെ വഴിയെന്ന സഭയുടെ മുൻ നിലപാടിൽ മാറ്റമില്ലെന്നും ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്ക ബാവ ഷാർജയിൽ പറഞ്ഞിരുന്നു. ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന പള്ളികളിൽ ഹിത പരിശോധന വേണമെന്ന ജസ്റ്റിസ് കെടി തോമസ് കമ്മീഷൻ ശുപാർശയാണ് വിവാദത്തിലായത്. ശുപാർശ പുറത്ത് വന്നതിന് പിന്നാലെ കമ്മീഷനെതിരെ രൂക്ഷ വിമർശനങ്ങളുമായി ഓർത്തഡോക്സ് സഭ രംഗത്തെത്തിയിരുന്നു.

കമ്മീഷൻ ശുപാർശയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് യാക്കോബായ സഭയുടെത്. ജസ്റ്റിസ് കെടി തോമസ് അധ്യക്ഷനായ നിയമ പരിഷ്കരണ കമ്മീഷന്റെ ഈ ശുപാർശകൾ കഴിഞ്ഞ ദിവസമാണ് നിയമ മന്ത്രി പി രാജീവിന് കമ്മീഷൻ ഉപാധ്യാക്ഷൻ കെ ശശിധരൻ നായർ കൈമാറിയത്. 1934ലെ സഭ ഭരണഘടനയുടെ അടിസ്ഥാനത്തിൽ നിലനിൽക്കുന്ന സുപ്രിംകോടതി വിധി നിലവിൽ ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമാണ്.

സുപ്രിം കോടതി വിധിക്ക് പിന്നാലെയും തർക്കങ്ങൾ നിലനിൽക്കുന്നതും സർക്കാർ പല തവണ ഇരു സഭകളുമായി നടത്തിയ അനുരഞ്ജന ചർച്ചകൾ ഫലം കാണാതെ പോയതുമാണ് കമ്മീഷന്റെ പുതിയ ശുപാർശക്ക് പിന്നിൽ. എന്നാൽ ശുപാർശ നടപ്പിലായാൽ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ വിധി മറികടക്കുന്ന സാഹചപര്യമുണ്ടാവും. ഇത് മുന്നിൽകണ്ടാണ് ഓർത്തഡോക്സ് സഭ ശുപാർശകളെ തള്ളുന്നത്.

സുപ്രീം കോടതി വിധിക്ക് മുകളിൽ മറ്റൊരു ശുപാർശയും അംഗീകരിക്കില്ലെന്ന് പറയുന്ന സഭ ഹിത പരിശോധന വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ആരോപിക്കുന്നു. എന്നാൽ പള്ളികളുടെ ഉടമസ്ഥാവകാശം നിർണയിക്കുന്നതിൽ ഹിത പരിശോധന ശ്വാശതമായ പരിഹാരമാണെന്നാണ് യാക്കോബായ സഭയുടെ പ്രതികരണം.