മുല്ലപ്പെരിയാറില്‍ മരം മുറിക്കാന്‍ കേരളം അനുമതി നല്‍കിയാലും തമിഴ്‌നാടിനു മുന്നിൽ കടമ്പകളേറെ

കൊച്ചി : മുല്ലപ്പെരിയാറില്‍ മരം മുറിക്കാന്‍ കേരളം അനുമതി നല്‍കിയാലും തമിഴ്‌നാടിനു മുന്നിൽ കടമ്പകളേറെ. പെരിയാര്‍ കടുവാസങ്കേതമായതിനാല്‍ കേന്ദ്ര പരിസ്‌ഥിതി വകുപ്പ്‌, ജൈവവൈവിധ്യ ബോര്‍ഡ്‌ എന്നിവയുടെ അനുമതി വേണം. അതേസമയം, മരംമുറിക്കാന്‍ അനുമതി നല്‍കിയതില്‍ സര്‍ക്കാരിനു നേരിട്ടു പങ്കില്ലെന്ന വാദവും ബലപ്പെടുന്നു. ബേബി ഡാം ബലപ്പെടുത്തല്‍ കേരളം തടയരുതെന്നു സുപ്രീം കോടതി വിധിയുണ്ട്‌. അതു നടപ്പാക്കുന്നതിന്റെ ഭാഗമായിരുന്നു ഉദ്യോഗസ്‌ഥതലനീക്കം.

സമീപകാലത്തു നടന്ന എല്ലാ യോഗങ്ങളിലും മരംമുറിക്കലിന്‌ അനുമതി നല്‍കാനാണു തീരുമാനിച്ചത്‌. വനംവകുപ്പ്‌ മാത്രമാണു തടസം നില്‍ക്കുന്നതെന്ന പരാതിയുമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണു ചീഫ്‌ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ്‌ മരംമുറിക്കാന്‍ ഉത്തരവിറക്കിയത്‌. മുഖ്യവനപാലകന്‍ പി.കെ. കേശവന്‍ കഴിഞ്ഞാല്‍ അടുത്ത മുതിര്‍ന്ന ഉദ്യോഗസ്‌ഥനാണു ബെന്നിച്ചന്‍.

സ്വാധീനങ്ങള്‍ക്കു വഴങ്ങാത്ത സേവനപശ്‌ചാത്തലവുമുണ്ട്‌. മുല്ലപ്പെരിയാര്‍ കേസ്‌ സുപ്രീം കോടതി വീണ്ടും പരിഗണിക്കുന്നതു 11-നാണ്‌. ബേബി ഡാം ബലപ്പെടുത്തല്‍ കേരളം തടയരുതെന്നു സുപ്രീം കോടതിയുടെ രണ്ട്‌ ഉത്തരവുണ്ട്‌. കേസ്‌ പരിഗണിക്കുമ്പോള്‍, മരംമുറിക്കാന്‍ കേരളം അനുവദിക്കുന്നില്ലെന്നു തമിഴ്‌നാട്‌ ചൂണ്ടിക്കാട്ടാനിടയുണ്ട്‌. അതിനാലാണ്‌ ഉത്തരവ്‌ റദ്ദാക്കാതെ മരവിപ്പിക്കുക മാത്രം ചെയ്‌തതെന്നാണ് സൂചന.

നയപരമായ വിഷയമായതിനാല്‍ മന്ത്രിതലതീരുമാനം ആവശ്യമാണെന്നും കേരളം വാദിക്കും.
മരംമുറി വിഷയത്തില്‍ കേരളത്തെ പ്രകോപിപ്പിക്കാന്‍ തമിഴ്‌നാട്‌ തയാറാവില്ലെന്നാണു സൂചന. പ്രശ്‌നത്തെ വൈകാരികമായി കാണുന്നില്ലെന്ന തമിഴ്‌നാട്‌ മുഖ്യമന്ത്രി എം.കെ. സ്‌റ്റാലിന്റെ പ്രതികരണം വ്യക്‌തമാക്കുന്നത്‌ അതാണ്‌. മുല്ലപ്പെരിയാര്‍ സംബന്ധിച്ചു ജോ ജോസഫിന്റെ ഹര്‍ജിയില്‍ ഇന്‍സ്‌ട്രമെന്റേഷന്‍ സ്‌കീം, റൂള്‍ കര്‍വ്‌ എന്നിവ നടപ്പാക്കണമെന്നാണാവശ്യം. പുതിയ അണക്കെട്ടിന്റെ കാര്യം ഹര്‍ജിയിലില്ല.

മരംമുറി മറ്റൊരു വിഷയമായതിനാല്‍ തൽക്കാലം തമിഴ്‌നാട്‌ ഉന്നയിക്കാനിടയില്ലെന്നാണു കേരളത്തിന്റെ കണക്കുകൂട്ടല്‍. 30-നുശേഷം ജലനിരപ്പ്‌ 142 അടിയാക്കുമെന്നു തമിഴ്‌നാട്‌ വ്യക്‌തമാക്കിയിട്ടുണ്ട്‌. അപ്പോഴേക്കു തുലാവര്‍ഷം പിന്‍വാങ്ങാനിടയുള്ളതിനാല്‍ കേരളത്തില്‍ പ്രതിഷേധം കുറയുമെന്നതു കണക്കിലെടുത്താണിത്‌. 11 വരെ 139.5 അടിയായി ജലനിരപ്പ്‌ നിലനിര്‍ത്തണമെന്നാണു സുപ്രീം കോടതി നിര്‍ദേശം.

മുല്ലപ്പെരിയാര്‍ കേസ്‌ നടത്തിപ്പില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്‌ സ്‌ഥിരം സംവിധാനം സര്‍ക്കാര്‍ പരിഗണനയില്‍. ഏകോപനമില്ലായ്‌മ കേസ്‌ നടത്തിപ്പില്‍ പ്രതിസന്ധിയാണ്‌. തമിഴ്‌നാടുമായി 1970-ല്‍ കരാറൊപ്പിട്ടതു ജലവിഭവവകുപ്പാണെങ്കിലും പെരിയാര്‍ കടുവാസങ്കേതമായതിനാല്‍, തീരുമാനങ്ങളില്‍ വനംവകുപ്പിനു നിര്‍ണായകപങ്കുണ്ട്‌. തമിഴ്‌നാടിനു നിയമജ്‌ഞരുള്‍പ്പെടെ സര്‍വസജ്‌ജമായ സംഘം കേസ്‌ നടത്തിപ്പിനായുണ്ട്‌. അടിക്കടി അഭിഭാഷകരെ മാറ്റുന്നതും കൃത്യമായ ഗൃഹപാഠമില്ലാത്തതും ആധികാരിക റിപ്പോര്‍ട്ടുകളുടെ കുറവും കേസിനെ ബാധിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തിലാണു പുതിയ സംവിധാനം പരിഗണിക്കുന്നത്‌.