മുല്ലപ്പെരിയാർ മരംമുറി വിവാദം; സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ്; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ മരംമുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കിയ വിഷയത്തില്‍ സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് നോട്ടീസ് സമര്‍പ്പിച്ചത്. വിഷയം പല രീതിയില്‍ ​ചോദിച്ചതാണെന്നും സബ്മിഷനായി ഉന്നയിച്ചാല്‍ പോരേയെന്നും സ്‍പീക്കര്‍ ചോദിച്ചു. എന്നാല്‍ ഇത് പ്രധാനമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. മരംമുറിയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. മരംമുറി ഉത്തരവ് മരവിപ്പിക്കാതെ റദ്ദാക്കാത്തത് എന്തുകൊണ്ടാണെന്നും പ്രതിപക്ഷം സഭയില്‍ ചോദിച്ചു.

23 മരം മുറിക്കണമെന്നാണ് തമിഴ്നാട് ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ രണ്ട് ദിവസം മുമ്പാണ് ഇക്കാര്യം അറിഞ്ഞതെന്നും ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഉത്തരവ് മരവിപ്പിച്ചെന്നും വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ നിലപാടിന് എതിരായ ഉദ്യോ​ഗസ്ഥ നടപടി അം​ഗീകരിക്കില്ല. ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ഉണ്ടാവും. ശിക്ഷിക്കേണ്ടവരെ ശിക്ഷിക്കും. ആരുടെ മുന്നിലും മുട്ട് മടക്കേണ്ട സാഹചര്യമില്ല.

ഒറ്റക്കെട്ടായി ജനങ്ങളെ സംരക്ഷിക്കും. കേരളത്തിന് സുരക്ഷ, തമിഴ്നാടിന് വെള്ളം, ഇതാണ് സര്‍ക്കാരിന്‍റെ നയമെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 15 മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയ വിവാദ ഉത്തരവുമായി ബന്ധപ്പെട്ട് സെക്രട്ടറിമാരോട് വിശദീകരണം തേടാനൊരുങ്ങുകയാണ് സർക്കാർ.

വനം – ജലവിഭവ സെക്രട്ടറിമാരിൽ നിന്നാണ് സംസ്ഥാനസർക്കാർ വിശദീകരണം തേടുക. സെക്രട്ടറിമാരുടെ യോഗ തീരുമാനം അനുസരിച്ചാണ് ഉത്തരവ് എന്നായിരുന്നു ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ വിശദീകരണം. മരംമുറിക്കാനുള്ള ഉത്തരവ് ഞായറാഴ്ച കേരളം മരവിപ്പിച്ചിരുന്നു. മരം മുറിക്കാൻ വിവാദ ഉത്തരവ് നല്‍കിയ ഉദ്യോഗസ്ഥനെതിരെയുള്ള നടപടിയില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന് ഉണ്ടായേക്കും. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ബെന്നിച്ചൻ തോമസിനെതിരായ നടപടിയാണ് തീരുമാനിക്കുക.

ജലവിഭവവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് പങ്കെടുത്ത യോഗത്തിന്‍റെ തീരുമാനം അനുസരിച്ചാണ് ഉത്തരവിറക്കിയതെന്നാണ് ബെന്നിച്ചൻ സര്‍ക്കാരിന് നല്‍കിയ വിശദീകരണം. ടി കെ ജോസാണ് മുല്ലപ്പെരിയാറിന്‍റെ നിരീക്ഷണസമിതിയിൽ കേരളത്തിന്‍റെ പ്രതിനിധി. അതുകൊണ്ട് ബെന്നിച്ചനെതിരെ മാത്രം നടപടി എടുത്താല്‍ വിവാദം ആകാൻ സാധ്യതയുണ്ട്. ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി സര്‍ക്കാരിന് മുന്നോട്ട് പോകാനാകില്ലെന്നും മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവവര്‍ക്ക് പങ്കുണ്ടെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.