തിരുവനന്തപുരം: കോവളം എംഎൽഎ എം വിൻസെൻ്റ് നിയമസഭയിലെത്തിയത് സൈക്കിൾ ചവിട്ടി. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഇന്ധന നികുതി കൊള്ളയ്ക്കെതിരെ കോൺഗ്രസ് നടത്തിയ ചക്ര സ്തംഭന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു വിൻസെൻ്റിൻ്റെ വ്യത്യസ്തമായ സമരമുറ. ഇന്ധന നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാനത്തുടനീളം രാവിലെ 11 മുതൽ 15 മിനിറ്റ് നേരം ചക്ര സ്തംഭന സമരം നടത്തിയിരുന്നു.
സർക്കാരുകളുടെ ജനദ്രോഹ നയത്തിൽ പ്രതിഷേധിച്ചാണ് സൈക്കിളിൽ നിയമസഭയിലേക്ക് യാത്ര ചെയ്തതെന്ന് വിൻസെൻറ് പറഞ്ഞു. അന്യായമായ ഇന്ധന നികുതിയടക്കം ജനകീയ പ്രശ്നങ്ങളോട് പുറംതിരിഞ്ഞ് നിൽക്കുന്ന സമീപനമാണ് പിണറായി സർക്കാർ പിന്തുടരുന്നത്. ഇതിനെതിരേ അധികാരികളുടെ കണ്ണു തുറപ്പിക്കാനാണ് നിയമസഭയിലേക്ക് സൈക്കിളിൽ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.