ജീവനക്കാരുടെ സമരം; കെഎസ്‌ആര്‍ടിസിക്ക് നഷ്ടം 9.4 കോടി രൂപ

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ നടത്തിയ 48 മണിക്കൂർ നീണ്ട സമരത്തില്‍ 9.4 കോടി രൂപയാണ് രണ്ടു ദിവസം കൊണ്ട് കെഎസ്‌ആര്‍ടിസിക്ക് നഷ്ടമായത്. സമരത്തില്‍ പങ്കെടുത്ത് ജോലിക്കെത്താതിരുന്ന ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കും. രണ്ട് ദിവസം ജോലിക്ക് എത്താത്ത ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടതില്ലെന്നാണ് തീരുമാനം.

നിലവില്‍ ജീവനക്കാരുടെ ശമ്പളത്തിന് 2 കോടി 80 ലക്ഷം രൂപയും ഡീസല്‍ ഇനത്തില്‍ രണ്ട് കോടി 50ലക്ഷം രൂപയുമാണ് പ്രതിദിനം ആവശ്യമായി വരുന്നത്. കെഎസ്‌ആര്‍ടിസി ദീര്‍ഘദൂര ബസുകളില്‍ കൂടുതല്‍ ടിക്കറ്റ് വരുമാനം ലഭിക്കുന്ന വെള്ളി, ശനി ദിവസങ്ങളിലായിരുന്നു പണിമുടക്ക്.

ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് ഭരണ അനുകൂല യൂണിയനും ബിഎംഎസും 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ഐഎന്‍ടിയുസി 48 മണിക്കൂറാണ് പണിമുടക്കിയത്. ആദ്യ ദിവസം ഒരു ബസ് പോലും ഓടിയല്ല. ഇന്നലെ മൂന്ന് സോണുകളിലുമായി 268 ബസുകളാണ് സര്‍വീസ് നടത്തിയത്.