സ്‌കൂളിൽ നിന്നു മടങ്ങവേ അഞ്ചു പേർ പീഡിപ്പിച്ചെന്ന വിദ്യാർഥിനിയുടെ പരാതി സ്‌കൂളിൽ പോകാനുള്ള മടികാരണമെന്ന് സൂചന

ആലപ്പുഴ : കുട്ടനാട്ടിൽ സ്‌കൂളിൽനിന്നു മടങ്ങവേ അഞ്ചു പേർ ചേർന്നു പീഡിപ്പിച്ചെന്ന് പ്ലസ്ടു വിദ്യാർഥിനിയുടെ പരാതിയിൽ വഴിത്തിരിവെന്ന് സൂചന. കുട്ടിക്ക് സ്‌കൂളിൽ പോകാനുള്ള മടികാരണമാണ് ഇങ്ങനെ പറഞ്ഞതെന്ന് പോലീസ് സംശയിക്കുന്നു. നിരന്തരമായ സ്മാർട്ട് ഫോൺ ഉപയോഗത്തിലൂടെ പെൺകുട്ടി മൊബൈൽ ഗെയ്‌മുകൾക്ക് അടിമയായിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. ക്ലാസ് തുടങ്ങുന്ന വാർത്ത അറിഞ്ഞപ്പോൾ തന്നെ ഇനി സ്‌കൂളിൽ പോകുന്നില്ലെന്നു കുട്ടി വീട്ടിൽ പറഞ്ഞു.

പെൺകുട്ടി മൊബൈൽ തിരികെ നൽകി സ്‌കൂളിലേക്കു പോകണമെന്നു ആവശ്യപ്പെടുകയായിരുന്നുവീട്ടുകാർ. രണ്ടുവർഷമായി കുട്ടിയുടെ കൈയിൽ എപ്പോഴും മൊബൈൽ ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കുമ്പോഴും കിടക്കുമ്പോഴുമെല്ലാം മൊബൈൽ ഒപ്പം കാണും. സ്‌കൂൾ തുറന്നതോടെ മൊബൈൽ കൈയിൽനിന്നു പോകുമെന്ന ചിന്ത കുട്ടിയെ അലട്ടിയിരുന്നെന്നാണു കരുതുന്നത്. ഇതു വലിയ മാനസിക ആഘാതത്തിനു കാരണമായിട്ടുണ്ടാകാം.

മൊബൈൽ തിരികെ വാങ്ങിയതിനെ തുടർന്ന് കുട്ടി പീഡനകഥ മെനഞ്ഞെന്നാണ് കരുതുന്നത്. സ്കൂൾ തുറന്ന ദിവസം വീട്ടിലേക്കു മടങ്ങവേ അഞ്ചംഗ സംഘം പീഡിപ്പിച്ചെന്നായിരുന്നു രക്ഷാകർത്താക്കളോടു പറഞ്ഞത്. വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവസ്ഥലം പരിശോധിച്ച പോലീസ് സി.സി. ടി.വി. ദൃശ്യം ശേഖരിക്കുകയും പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

പെൺകുട്ടിയുടെ മൊഴിയിലെ വൈരുധ്യം തുടക്കത്തിൽ തന്നെ പോലീസ് തിരിച്ചറിഞ്ഞു. കുട്ടി പറഞ്ഞ ആളുകളെ ചോദ്യം ചെയ്തപ്പോൾ സംഭവ സമയത്ത് ഇവർ സ്ഥലത്തില്ലായിരുന്നു എന്ന വിവരവും ലഭിച്ചു. വൈദ്യ പരിശോധനയിലും പീഡനം നടന്നതിന്റെ തെളിവു ലഭിച്ചില്ല. പരാതി ആരുടെയെങ്കിലും പ്രേരണയാൽ നൽകിയതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.