സ്വപ്‌ന സുരേഷ് ജയില്‍ മോചിതയായി: പുറത്തിറങ്ങിയത് ജാമ്യം നേടി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം

തിരുവനന്തപുരം: നയതന്ത്രചാനല്‍ സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം ലഭിച്ച സ്വപ്ന സുരേഷ് ജയില്‍ മോചിതയായി. രാവിലെ 11.31 ഓടു കൂടിയാണ് സ്വപ്‌ന സുരേഷ് അട്ടക്കുളങ്ങര ജയില്‍ നിന്ന് പുറത്തിറങ്ങിയത്. അറസ്റ്റിലായി ഒരു വര്‍ഷത്തിന് ശേഷമാണ് സ്വപ്ന ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്. സ്വപ്നയുടെ ജാമ്യ ഉപാധികള്‍ വെള്ളിയാഴ്ച വൈകിട്ടോടെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

നവംബര്‍ രണ്ടിനാണ് നയതന്ത്ര സ്വര്‍ണക്കടത്തിലെ എന്‍ഐഎ കേസില്‍ ഹൈക്കോടതി സ്വപ്നയ്ക്ക് ജാമ്യം അനുവദിച്ചത്. ജാമ്യം നേടി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വപ്ന സുരേഷ് ജയില്‍ മോചിതയാകുന്നത്. ആറ് കേസുകളിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.

ജാമ്യ രേഖകള്‍ അട്ടക്കുളങ്ങര ജയിലിലെത്തിച്ചതിനെ തുടര്‍ന്നാണ് സ്വപ്ന പുറത്തിറങ്ങിയത്. 25 ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും അടക്കമുള്ള രേഖകളാണ് ജാമ്യത്തിനായി നല്‍കിയിരിക്കുന്നത്.