നടന്‍ ജോജുവിന്റെ കാര്‍ തകര്‍ത്ത കേസ്: ഒരു കോണ്‍ഗ്രസ്‌ നേതാവ് കൂടി അറസ്റ്റില്‍

കൊച്ചി: കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ്‌ നേതാവ് ഷെരീഫ് ആണ്‌ അറസ്റ്റിലായത്. കേസില്‍ നേരത്തെ അറസ്റ്റിലായ ജോസഫിന്റെ മൊഴി അനുസരിച്ചാണ് ഷെരീഫിനെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

ഇന്ധന വിലയ്ക്ക് എതിരെ എറണാകുളത്ത് ഇടപ്പള്ളി മുതല്‍ വൈറ്റില വരെ റോഡ് ഉപരോധിച്ചുള്ള കോണ്‍ഗ്രസിന്റെ സമരത്തില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നടന്‍ ജോജു സമരത്തെ ചോദ്യം ചെയ്തത്. ജോജുവിന്റെ ഇടപെടലില്‍ പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടന്റെ വാഹനം അടിച്ച്‌ തകര്‍ത്തു.

അറസ്റ്റിലായ ജോസഫിന്റെ ജാമ്യഹര്‍ജി എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ തള്ളിയിരുന്നു. മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയ ശേഷമാണ് വഴി തടഞ്ഞതെന്ന് അഭിഭാഷകന്‍ കോടതില്‍ വാദിച്ചു. സിനിമ നടന്‍ അഭിനയിക്കേണ്ടത് റോഡില്‍ അല്ലെന്നും വഴിതടയലില്‍ കുടുങ്ങിയവരില്‍ രോ​ഗികള്‍ ഉണ്ടായിരുന്നുവെന്ന വാദം തെറ്റാണെന്നും പ്രതിഭാ​ഗം ചൂണ്ടിക്കാട്ടി. ഗതാഗതത്തിന് കൃത്യമായി പൊലീസ് സൗകര്യം ഒരുക്കിയിരുന്നെന്ന വാദവും കോടതി പരിഗണിച്ചില്ല.