ജോജുവുമായി ഒത്തുതീർപ്പിനില്ല; ജോജു പറഞ്ഞതൊക്കെ പച്ചക്കള്ളവും ആഭാസവും: മുഹമ്മദ് ഷിഹാസ്

കൊച്ചി: കോൺഗ്രസിന്റെ ഉപരോധ സമരത്തിനിടെ ഉണ്ടായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിവാദത്തിൽ നടൻ ജോജു ജോർജുമായി ഒത്തുതീർപ്പിനില്ലെന്ന് വ്യക്തമാക്കി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിഹാസ്. ജോജു പറഞ്ഞതൊക്കെ പച്ചക്കള്ളവും ആഭാസവുമാണ്. ജോജുവിനെ പോലെയുള്ളവരെ മഹത്വവത്കരിക്കരുതെന്നും അത്തരത്തിൽ മഹത്വവത്കരിക്കപ്പെടേണ്ട വ്യക്തിയല്ല ജോജുവെന്നും ഷിയാസ് പറഞ്ഞു.

ഒരു ആംബുലൻസിൽ ക്യാൻസർ രോഗിയായ കുട്ടി ഇരിക്കുന്നുണ്ട്. അവർക്ക് ചൂട് കൊള്ളാൻ സാധിക്കില്ല, അവർ വിയർക്കുകയാണ്, ഓട്ടോ റിക്ഷയിൽ എസി ഇടാൻ സാധിക്കില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആരെങ്കിലും അത്തരത്തിൽ ഒരു ആംബുലൻസോ രോഗിയേയോ കണ്ടിട്ടുണ്ടോ? ജോജു ജോർജ് തെറിയഭിഷേകം നടത്തിയെന്നും ഷിയാസ് കൂട്ടിച്ചേർത്തു.

ഞാൻ ജോലി ചെയ്താണ് പണമുണ്ടാക്കുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞ മറ്റൊരു കാര്യം. ഞങ്ങൾ എല്ലാവരും ജോലി ചെയ്യാതെയാണോ പണമുണ്ടാക്കുന്നത്? എല്ലാവരും പണിയെടുത്തിട്ടാണ് പണമുണ്ടാക്കുന്നത്. അദ്ദേഹം പണിയെടുത്താൽ കൂടുതൽ പണം കിട്ടും. നമ്മൾ പണിയെടുത്താൽ തുച്ഛമായ വരുമാനമേ ഉള്ളു. അതുകൊണ്ട് തന്നെ ഈ തുച്ഛമായ വരുമാനം കൊണ്ട് 150 രൂപയ്ക്ക് പെട്രോൾ അടിക്കാൻ പറ്റുമോ? 110 രൂപ കൊടുത്ത് ഡീസൽ അടിക്കാൻ പറ്റുമോ?.

അദ്ദേഹം പറഞ്ഞത് 150 രൂപയാണെങ്കിലും പണം കൊടുത്ത് ഇന്ധനം അടിക്കും എന്നാണ്. എന്നാൽ അത് ശരിയല്ല. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഷിയാസ് പറഞ്ഞു. അതേസമയം ഒത്തു തീർപ്പിനില്ലെന്നും തുടർനടപടികൾ നിയമ വിദഗ്ദരുമായും പാർട്ടി നേതൃത്വവുമായി ആലോചിച്ച് ചെയ്യുമെന്നും ഷിയാസ് വ്യക്തമാക്കി.