കൊച്ചി: ബത്തേരി കോഴക്കേസിൽ സി കെ ജാനു, ബിജെപി വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവെയിൽ, ജെആർപി നേതാവ് പ്രസീത അഴിക്കോട് എന്നിവരുടെ ശബ്ദ സാമ്പിൾ ശേഖരിച്ചു. രണ്ടാം തവണയാണ് പ്രസീതയുടെ ശബ്ദ സാമ്പിൾ ശേഖരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സി കെ ജനുവിനെ എൻഡിഎ സ്ഥാനാർത്ഥിയാക്കാൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ 35 ലക്ഷം രൂപ കൈമാറിയെന്ന കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
തിരുവനന്തപുരം ബത്തേരി എന്നിവിടങ്ങളിൽ വെച്ച് ഈ തുക കൈമാറിയെന്ന് ജെആർപി നേതാവ് പ്രസീത അഴിക്കോടാണ് ആരോപണം ഉന്നയിച്ചത്. ആരോപണം ഉന്നയിച്ചതിനൊപ്പം പണം കൈമാറുന്നത് സംബന്ധിച്ച് കെ സുരേന്ദ്രൻ ഉൾപ്പെടെ ഉള്ളവരുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളും പ്രസീത പുറത്തുവിട്ടിരുന്നു.
ഈ സംഭാഷണങ്ങളുടെ ആധികാരിത ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് കോടതി നിർദ്ദേശപ്രകാരം ശബ്ദ സാമ്പിൾ ശേഖരിച്ചത്. കേസ് രാഷ്ട്രീയ ഗുഡാലോചനയെന്ന് സി കെ ജാനു മാധ്യമങ്ങളോട് പ്രതികരിച്ചു. ഏത് അന്വേഷണവും നടക്കട്ടെ. സത്യം തെളിയണമെന്നും ജാനു പറഞ്ഞു.