സം​സ്ഥാ​ന സർക്കാർ ഇ​ന്ധ​ന നി​കു​തി കു​റ​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭമെ​ന്ന് കെ സു​ധാ​ക​ര​ൻ; നികുതി കുറയ്‌ക്കാമെന്ന വാഗ്ദാനം ധനകാര്യ മന്ത്രി പാലിക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സം​സ്ഥാ​ന സർക്കാർ ഇ​ന്ധ​ന നി​കു​തി കു​റ​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. കേ​ന്ദ്രം നി​കു​തി കു​റ​ച്ച ന​ട​പ​ടി സ്വാ​ഗ​തം ചെ​യ്യു​ന്നു. കേ​ന്ദ്ര​ന​ട​പ​ടി ആ​ശ്വാ​സ​ക​ര​മാ​ണെ​ന്നും സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി നി​കു​തി കു​റ​ച്ച് ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സ​മേ​ക​ണം. ഇ​ല്ലെ​ങ്കി​ൽ സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

അതേ സമയം കേന്ദ്രസർക്കാറിനെ മാതൃകയാക്കി സംസ്ഥാന സർക്കാരും ഇന്ധനനികുതി കുറയ്‌ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. മറ്റു പല സംസ്ഥാനങ്ങളും നികുതി കുറച്ച് കേന്ദ്രത്തിന് പിന്തുണ നൽകിയിട്ടും കേരള സർക്കാർ തപ്പിത്തടയുകയാണെന്ന് കെ. സുരേന്ദ്രൻ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

കേന്ദ്രം നികുതി കുറച്ചാൽ കേരളവും നികുതി കുറയ്‌ക്കാമെന്ന വാഗ്ദാനം പാലിക്കാൻ ധനകാര്യ മന്ത്രി തയ്യാറാവണം. നികുതി കുറയ്‌ക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ അറിയിച്ചു.

ഇന്ധനവില വർദ്ധനവിൽ കേന്ദ്രസർക്കാരിനെ പഴിചാരി ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള സംസ്ഥാന സർക്കാരിന്റെ എല്ലാ അടവും പൊളിഞ്ഞു കഴിഞ്ഞു. ഇനിയെങ്കിലും ജനദ്രോഹ നടപടിയിൽ നിന്നും പിൻമാറാൻ ഇടതു സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെയാണ് രാജ്യത്തെ ഇന്ധനവില പിടിച്ചുനിർത്താൻ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്രസർക്കാർ കുറച്ചത്. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും ഇതിന്റെ ഫലമായി കുറയും. ഇതിന് പിന്നാലെ ജനങ്ങൾക്ക് കൂടുതൽ ആശ്വാസമേകി ഒൻപത് സംസ്ഥാനങ്ങളും നികുതി കുറച്ചിരുന്നു. എന്നാൽ നികുതി കുറയ്‌ക്കില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.