‘ആശുപത്രിയില്‍ മരിച്ചാല്‍ നരകത്തില്‍ പോകുമെന്ന് ഭയപ്പെടുത്തി’; ഇമാം ഉവൈസുമായി ബന്ധപ്പെട്ട കുടുംബങ്ങളിലേക്ക് അന്വേഷണം

കണ്ണൂര്‍: ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ പതിനൊന്ന് വയസുകാരി ഫാത്തിമ മരിച്ച കേസുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും. രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോകാതെ “ജപിച്ച്‌ ഊതല്‍ “നടത്തുന്ന ഇമാം ഉവൈസിന്റെ സ്വാധീനത്തില്‍പ്പെട്ടു പോയ കൂടുതല്‍ കുടുംബങ്ങളുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇവരില്‍ നിന്നും പൊലീസ് തെളിവ് ശേഖരിക്കും. ഗുരുതര അസുഖമുണ്ടായിട്ടും ആശുപത്രിയില്‍ പോകാത്തവര്‍ ഇനിയുമുണ്ടോ എന്നും പൊലീസ് പരിശോധിക്കും.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കണ്ണൂര്‍ സിറ്റിയിലെ നിരവധിപ്പേര്‍ക്ക് ഇമാം ഉവൈസ് ‘ജപിച്ച്‌ ഊതല്‍’ നടത്തിയിട്ടുണ്ട്. ആശുപത്രിയില്‍ വച്ച്‌ മരിച്ചാല്‍ നരകത്തില്‍ പോകുമെന്നായിരുന്നു ഇയാള്‍ മറ്റുള്ളവരെ ഭയപ്പെടുത്തിയത്. കണ്ണൂര്‍ സിറ്റി നാലുവയലില്‍ സത്താര്‍ -സാബിറ ദമ്പതികളുടെ മകള്‍ എംഎ ഫാത്തിമയുടെ മരണത്തോടെയാണ് ഇയാള്‍ പിടിയിലായത്.