ഇന്ധന വില കുറയ്ക്കൽ; കോൺഗ്രസിൻ്റെ സമരങ്ങൾ ഫലം കണ്ടുവെന്ന് കെ സുധാകരൻ; സംസ്ഥാന സർക്കാരും ഇനി നികുതി കുറയ്ക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം:ഇന്ധനവില വർധനയ്ക്ക് എതിരേ രാജ്യവ്യാപകമായി കോൺഗ്രസ് നടത്തിയ ചെറു സമരങ്ങൾ ഫലം കണ്ടുവെന്ന് കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ. ഇന്ധനവിലയിൽ ജനത്തിന് താൽക്കാലിക ആശ്വാസം . കോൺഗ്രസിൻ്റെ സമരത്തെ തകർക്കാൻ ശ്രമിച്ചവർക്കും നാളെ മുതൽ കുറഞ്ഞ വിലയിൽ ഇന്ധനം ലഭ്യമാകും.

ഇന്ധന വില ഇനിയും കുറയേണ്ടതുണ്ട്. അവകാശ സമരങ്ങളെ അടിച്ചമർത്താൻ ഏത് തമ്പുരാൻ വന്നാലും അതിന് വഴങ്ങി കൊടുക്കാൻ കോൺഗ്രസിന് സൗകര്യമില്ല. കരുത്തുറ്റ പ്രതിഷേധങ്ങളുമായി കോൺഗ്രസ് ജനങ്ങൾക്കൊപ്പം തെരുവിലുണ്ടാകുമെന്ന് സുധാകരൻ പറഞ്ഞു.

പെട്രോൾ , ഡീസൽ വില ഇനിയും നമുക്ക് കുറച്ചു ജനങ്ങളുടെ ഭാരം കുറയ്ക്കുവാൻ സംസ്ഥാന സർക്കാരിന് കഴിയുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇനി സംസ്ഥാന സർക്കാരിൻ്റെ ഊഴമാണ്.

സംസ്ഥാന സർക്കാരും നികുതി വെട്ടിക്കുറച്ച് ജനങ്ങളെ സഹായിക്കണം. കോൺഗ്രസ് പാർട്ടി നിയമസഭയ്ക്കകത്തും പുറത്തും ഏറെക്കാലമായി സർക്കാരിനോട് ഇക്കാര്യം അഭ്യർത്ഥിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു.