കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ ബലക്ഷയം; ചീഫ് എൻജിനിയർ, ആർക്കിടെക്ട് എന്നിവർക്കെതിരേ കേസെടുക്കണമെന്ന് വിജിലന്‍സ്

കോഴിക്കോട്: കെ.എസ്.ആർ.ടി.സിയുടെ കോഴിക്കോട്ടെ ടെർമിനൽ തൂണുകൾക്ക് ബലക്ഷയമുണ്ടെന്ന മദ്രാസ് ഐ.ഐ.ടി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഉത്തരവാദികൾക്കെതിരേ കേസെടുക്കണമെന്ന് വിജിലൻസ്. കെ.ടി.ഡി.എഫ്.സി മുൻ ചീഫ് എൻജിനിയർ, ആർകിടെക്ട് എന്നിവർക്കെതിരേ കേസെടുക്കണമെന്നാണ് വിജിലൻസ് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്.

പ്ലാനിന് കോർപ്പറേഷന്റെ അംഗീകാരം വാങ്ങാതെയാണ് കെട്ടിടം പണിതത്, കെട്ടിടം പണി പൂർത്തിയായ ശേഷം അംഗീകാരത്തിന് അപേക്ഷ നൽകുകയും ചെയ്തു എന്നതടക്കമുള്ള കാര്യങ്ങൾ റിപ്പോർട്ടിലുണ്ട്. കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ 20 ശതമാനം തൂണുകൾക്കും ബലക്ഷയമുണ്ടെന്നായിരുന്നു ഐ.ഐ.ടി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്.

റിപ്പോർട്ടിനെ തുടർന്ന് അടിയന്തരമായി ബസ് സർവീസുകൾ അവിടെനിന്ന് മാറ്റാനും തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കിയോസ്കുകൾ ഉടൻ ഒഴിഞ്ഞ് പോകണമെന്നും ആവശ്യപ്പെട്ടിരുന്നു. വാണിജ്യാവശ്യത്തിന് കൂടുതൽ പ്രധാന്യം നൽകിയുള്ളതാവണം ഡിസൈൻ എന്ന് തനിക്ക് കിട്ടിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ളൊരു രൂപകൽപ്പന നടത്തിയതെന്നാണ് ഇതിന്റെ ആർക്കിടെക്ടായ ആർ.കെ രമേശ് പറയുന്നത്.

തനിക്ക് പ്രോജക്ട് മാനേജ്മെന്റോ സൂപ്പർവിഷനോ ഉണ്ടായിരുന്നില്ലെന്നും രമേശ് പറഞ്ഞു. താൻ സമർപ്പിച്ച ഡിസൈൻ കെ.എസ്.ആർ.ടി.സി പൂർണമായും അംഗീകരിക്കുകയും യാതൊരു മാറ്റവും ആവശ്യപ്പെടാതെ കെ.ടി.ഡി.എഫ്.സിയെ ഏൽപ്പിച്ചുവെന്നും പിന്നീട് കെ.എസ്.ആർ.ടി.സിയും കെ.ടി.ഡി.എഫ്.സിയും ഡിസൈനിന് അനുമതി നൽകിയെന്നും ആർ.കെ രമേശ് ചൂണ്ടിക്കാട്ടി.

കെട്ടിടത്തിന്റെ മേൽനോട്ടവും നടത്തിപ്പും കെ.ടി.ഡി.എഫ്.സി നേരിട്ടാണ് നടത്തിയതെന്നും അതുകൊണ്ട് ബലക്ഷയം ഉണ്ടായിട്ടുണ്ടെങ്കിൽ പൂർണ ഉത്തരവാദി അവർ തന്നെയാണെന്നും ആർ.കെ രമേശ് വ്യക്തമാക്കി. എന്തായാലും ഇക്കാര്യത്തിൽ സർക്കാർ എന്തു നിലപാട് സ്വീകരിക്കുമെന്നത് നിർണായകമാണ്.