ബിജെപി നേതൃയോഗം ബഹിഷ്കരിച്ച് എഎൻരാധാകൃഷ്ണൻ, എംടി രമേശ്; ഇന്ധന വില വർധന പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: ബിജെപിയിലെ ഗ്രൂപ്പു തർക്കം ദേശീയ നേതൃത്വത്തിന്റെ മുന്നിലേക്കും എത്തിച്ച് കോർ കമ്മിറ്റിയിൽ നിന്ന് എഎൻ രാധാകൃഷ്ണൻ, എംടി രമേശ് എന്നീ നേതാക്കൾ വിട്ടു നിന്നു. സംസ്ഥാന നേതൃയോഗത്തിൽ വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനും പങ്കെടുത്തില്ല. സംഘടനാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് മുഴുവൻ സമയം പങ്കെടുത്ത യോഗങ്ങളിൽ നിന്നാണ് നേതാക്കളുടെ ബഹിഷ്കരണം.

സംഘടനാ സംവിധാനത്തിൽ ദേശീയ നേതൃത്വത്തിൽ രണ്ടാമനായ ജനറൽ സെക്രട്ടറിക്ക് രാജ്യത്തെ മുഴുവൻ പ്രവർത്തനവും ഏകോപിപ്പിക്കുന്ന ചുമതലയുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറിമാരും മുൻ സംസ്ഥാന പ്രസിഡന്റുമാരും ഉൾപ്പെടുന്ന കോർ കമ്മിറ്റിയിൽ വൈസ് പ്രസിഡന്റായ എ.എൻ. രാധാകൃഷ്ണനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. കോർ കമ്മിറ്റിയാണ് സംസ്ഥാന തലത്തിൽ ബിജെപിയുടെ ഏറ്റവും ഉയർന്ന സമിതി.

ഇന്ധന വില വർധന പ്രവർത്തകരെയും നേതാക്കളെയും പ്രതിസന്ധിയിലാക്കുന്നുവെന്ന് ബിജെപി സംസ്ഥാന നേതൃയോഗത്തിൽ ഭാരവാഹികൾ പരാതിപ്പെട്ടു. പ്രവർത്തനത്തിന് ഇറങ്ങുന്നിടത്തൊക്കെ പ്രതിരോധമായി ഇന്ധനവില വർധന ജനങ്ങൾ ഉയർത്തുന്നുവെന്നും ഇവർ പറഞ്ഞു. ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷിന്റെ സാന്നിധ്യത്തിലായിരുന്നു അംഗങ്ങളുടെ പരാതി.

വില വർധന താൽക്കാലികമാണെന്നും ഉടനെ പരിഹാരം കാണുമെന്നും ജനറൽ സെക്രട്ടറി മറുപടി നൽകി. കേരള ബിജെപിയിൽ നടക്കുന്നതൊക്കെ ദേശീയ നേതൃത്വത്തിനു ബോധ്യമുണ്ടെന്നും അച്ചടക്കലംഘനം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയെ നന്നാക്കാനെന്ന പേരിൽ നേതൃത്വത്തിനെതിരെ പ്രസ്താവനകളും സമൂഹ മാധ്യമ പോസ്റ്റും പ്രചരിപ്പിക്കുന്നതു ദുരുദ്ദേശ്യപരമാണ്. ഇത്തരക്കാരെ നിരീക്ഷിക്കും.

നേതാക്കൾ സംഘടനാ പ്രവർത്തനത്തിൽ മാത്രം ശ്രദ്ധിച്ചിട്ടു കാര്യമില്ല. മറ്റു സംസ്ഥാനങ്ങളിൽ നേതാക്കൾ ജനകീയ മുന്നേറ്റങ്ങൾക്കു നേതൃത്വം വഹിക്കുന്നു. അതുകൊണ്ടാണ് അവിടെ ബിജെപി വളർന്നത്. ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ടു വേണം നേതാക്കൾ മുന്നേറാൻ. മാസത്തിന്റെ അവസാനയാഴ്ച എല്ലാ നേതാക്കളും ബൂത്തുകളിൽ പ്രവർത്തനം നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു.

മാർപാപ്പയെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചതും ഇന്ത്യയിലേക്കുള്ള മാർപാപ്പയുടെ വരവും ബിജെപി ന്യൂനപക്ഷ വിരുദ്ധമാണെന്ന പ്രചാരണത്തിന്റെ മുനയൊടിക്കുമെന്ന് നേതൃയോഗം വിലയിരുത്തി.

കേരളത്തിൽ ഇതു ക്രൈസ്തവ സമൂഹത്തിന് ആത്മവിശ്വാസം നൽകും. പാർട്ടി ന്യൂനപക്ഷ വിരുദ്ധമാണെന്നു കേരളത്തിൽ പ്രചരിപ്പിക്കുന്ന ശക്തികൾക്കു തിരിച്ചടിയാകും. ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ ബിജെപിയെക്കുറിച്ചുള്ള മതിപ്പ് വർധിപ്പിക്കും. മുല്ലപ്പെരിയാർ ഡാം ഡി കമ്മിഷൻ ചെയ്യണം. കേരളത്തിനു സുരക്ഷ തമിഴ്നാടിന് വെള്ളം എന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.