ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ വിവേചനവുമായി ആഭ്യന്തര വകുപ്പ്; മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസുമായി കെ കെ രമ

തിരുവനന്തപുരം: നിയമസഭയിലെ തന്റെ ചോദ്യങ്ങള്‍ക്ക് മാത്രം മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ലെന്ന് കാട്ടി മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി കെ.കെ രമ. യുഎപിഎ അനുസരിച്ച്‌ എത്രപേര്‍ക്കെതിരെ കേസെടുത്തെന്നും അവരുടെ വിശദവിവരങ്ങള്‍ നല്‍കണമെന്നുമായിരുന്നു തന്റെ ചോദ്യം.

എന്നാല്‍ യു‌എ‌പി‌എ കേസില്‍ മറ്റുള‌ളവരുടെ ചോദ്യങ്ങള്‍ക്ക് പേര്‌വിവരങ്ങള്‍ വച്ച്‌ മറുപടി നല്‍കിയ മുഖ്യമന്ത്രി തന്റെ ചോദ്യത്തിന് മാത്രം മറുപടി നല്‍കാന്‍ തയ്യാറായിട്ടില്ലെന്ന് കെ.കെ രമ ആരോപിച്ചു. ആഭ്യന്തര വകുപ്പ് തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ വിവേചനം കാട്ടിയിരിക്കുകയാണെന്നും അതുകൊണ്ട് അവകാശലംഘന നോട്ടീസ് നല്‍കിയെന്നും കെ.കെ രമ അറിയിച്ചു.

നേരത്തെ പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനയില്‍ അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം അനുമതി തേടിയിരുന്നു. എന്നാല്‍ ധനമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അവതരണാനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.