സ്വര്‍ണക്കടത്ത് കേസ്; സ്വപ്ന സുരേഷിന് ജാമ്യം

കൊച്ചി: സ്വർണക്കടത്ത് കേസിൽ ഒരു വർഷത്തിലധികമായി ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. നയതന്ത്ര ബാഗിലൂടെയുടെയുളള സ്വർണക്കടത്തിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്നയടക്കം ഏഴു പ്രതികളുടെ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സ്വപ്ന സുരേഷ് , പി.ആർ.സരിത്, റമീസ്, ജലാൽ, റബിൻസ്, ഷറഫുദീൻ, മുഹമ്മദാലി എന്നിവരുടെ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് വിനോദ് ചന്ദ്രൻ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ജാമ്യാപേക്ഷ അംഗീകരിച്ചത്. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. എന്നാൽ ഇവരിൽ സ്വപ്ന സുരേഷിന് മാത്രമേ ജയിലിൽ നിന്നും പുറത്തു പോകാനാവൂ. മറ്റു കേസുകളിൽ ജാമ്യം ലഭിക്കാത്തും കോഫോപോസെ പ്രകാരമുള്ള തടവ് കാലാവധി പൂർത്തിയാവാത്തതുമാണ് മറ്റു പ്രതികളുടെ ജയിൽ മോചനത്തിന് തടസ്സമാവുക.

സ്വപ്നയ്ക്ക് നേരത്തെ ഇഡിയുടേയും കസ്റ്റംസിൻ്റേയും കേസുകളിൽ സ്വപ്നയ്ക്ക് ജാമ്യം നൽകിയിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോഫോപോസെ നിയമം സ്വപ്നയ്ക്കെതിരെ ചുമത്തിയത് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. എൻഐഎ കേസിൽ മാത്രമാണ് സ്വപ്നയ്ക്ക് ജാമ്യം കിട്ടാനുണ്ടായിരുന്നത്.

ഇപ്പോൾ ആ കേസിൽ കൂടി ജാമ്യം കിട്ടിയതോടെ സ്വപ്നയുടെ ജയിൽ മോചനത്തിന് വഴിയൊരുങ്ങും. കേസിലെ മറ്റൊരു പ്രതിയായ സരിത്തിൻ്റെ കോഫോപോസെ കാലാവധി കുറച്ചുദിവസങ്ങൾ കൂടി ബാക്കിയുണ്ട്. മറ്റുള്ള പ്രതികൾക്കും കോഫോപോസെയിൽ കുറച്ചു ദിവസം കൂടി ജയിലിൽ തുടരേണ്ടി വരും. ഇതിനു ശേഷമേ പുറത്തിറങ്ങാനാവൂ.