ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.40 അടിയായി താഴ്ന്നു. ഇന്ന് രാവിലെയാണ് ജലനിരപ്പ് 138.40 അടിയായി താഴ്ന്നത്. ജലനിരപ്പ് താഴുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഇന്ന് അടച്ചേയ്ക്കും.
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് താഴ്ത്താനായി നേരത്തെ തുറന്ന മൂന്ന് ഷട്ടറുകള്‍ക്ക് പുറമെ ശനിയാഴ്ച വൈകിട്ടോടെ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നിരുന്നു. നിലവില്‍ ആറു ഷട്ടറുകളിലൂടെയാണ് അണക്കെട്ടില്‍ നിന്ന് ജലം പുറത്തേയ്ക്ക് ഒഴുക്കി കളയുന്നത്.
മൂന്നു ഷട്ടറുകള്‍ 70 സെന്റിമീറ്ററും മൂന്നെണ്ണം അമ്പത് സെന്റിമീറ്ററുമാണ് ഉയര്‍ത്തിയത്. തമിഴ്‌നാട് കൊണ്ടു പോകുന്നതിന് പുറമെ സ്പില്‍വേയിലൂടെയും ജലം തുറന്നു വിട്ടതോടെയാണ് ജലനിരപ്പ് കുറഞ്ഞത്. അതേസമയം ഷട്ടറുകള്‍ ഉയര്‍ത്തി രണ്ട് ദിവസം പിന്നിടുമ്പോഴും ജലനിരപ്പ് 138 അടിയിലേക്ക് നിജപ്പെടുത്താന്‍ തമിഴ്‌നാടിന് കഴിയാത്തതിനെ തുടര്‍ന്ന് ഇന്നലെ മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, പി പ്രസാദ് എന്നിവര്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ എത്തിയിരുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ആറു സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് നിലവിലെ റൂള്‍ കര്‍വില്‍ നിജപ്പെടുത്താനാകാത്തത് സുപ്രീംകോടതിയെ അറിയിക്കുമെന്ന് ജല വിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നു.