കോട്ടയം: നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ മുൻകൂർ ടിക്കറ്റ് ബുക്ക് ചെയ്യാതെ യഥാസമയം ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം. ട്രെയിൻ എത്തുന്നതിന് തൊട്ടുമുന്പുവരെ ട്രെയിനുകളിൽ ടിക്കറ്റുകളെടുക്കാം. നാളുകളായി സീസൺ ടിക്കറ്റ് ലഭ്യമല്ലാതിരുന്ന യാത്രക്കാർക്ക് തിങ്കളാഴ്ചമുതൽ സീസൺ ടിക്കററ്റും ലഭിച്ചുതുടങ്ങും. തിങ്കളാഴ്ചമുതൽ സീസൺ ടിക്കറ്റിൽ യാത്രചെയ്യാമെങ്കിലും ഞായറാഴ്ച ടിക്കറ്റ് കൗണ്ടറിൽ ലഭ്യമല്ലെന്ന് അധികൃതർ അറിയിച്ചു.
കോട്ടയംവഴി ഓടുന്ന ട്രെയിനുകളുടെ എണ്ണവും കൂടി. കൊറോണ കാലത്ത് നിർത്തിവെച്ചത് ഉൾപ്പെടെ 99 ശതമാനം ട്രെയിൻ സർവീസും പുനരാരംഭിച്ചു. മുംബൈ ജയന്തി ജനത ഒഴിച്ചുള്ള മിക്ക ട്രെയിനുകളും തന്നെ ഓടിത്തുടങ്ങി. പലതും സ്പെഷ്യൽ ട്രെയിനുകളായിട്ടാണ് ഓടുന്നത്. യാത്രക്കാർ പൊതുവേ കുറവാണെങ്കിലും തിങ്കളാഴ്ചമുതൽ ചില ട്രെയിനുകളിൽ അൺറിസർവ്ഡ് ടിക്കറ്റുകൾ ലഭിച്ച് തുടങ്ങുന്നതോടെ യാത്രക്കാരുടെ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോട്ടയം റൂട്ടിൽ കൊല്ലം-എറണാകുളം മെമു, പുനലൂർ-ഗുരുവായൂർ പാസഞ്ചർ, വേണാട്, വഞ്ചിനാട്, നാഗർകോവിൽ-കോട്ടയം, കൊല്ലം-എറണാകുളം മെമു,നിലന്പൂർ-കോട്ടയം തുടങ്ങിയ ട്രെയിനുകളിലാണ് അൺറിസർവ്ഡ് ടിക്കറ്റുകൾ ലഭ്യമാകുന്നത്. ഓരോ ട്രെയിനിലും അഞ്ചോളം ബോഗികൾ അൺറിസർവ്ഡ് ആയി ക്രമീകരിക്കും. നിലമ്പൂർ-ഷൊർണൂർ സർവീസ് പുലർച്ചെ 5.15-ന് കോട്ടയത്തുനിന്ന് പുറപ്പെട്ട് രാവിലെ 11.15-ന് നിലമ്പൂരിലും വൈകീട്ട് 3.10-ന് നിലമ്പൂരിൽനിന്ന് തുടങ്ങി രാത്രി 10.15-ന് കോട്ടയത്തെത്തുംവിധമാണ് സർവീസ് നടത്തുന്നത്.