കൊറോണ പ്രതിസന്ധിയിൽ വലയുന്ന ജനങ്ങളെ കൊള്ളയടിച്ച് ഇന്ധനവില കുതിക്കുന്നു

തിരുവനന്തപുരം: കൊറോണ പ്രതിസന്ധിയിൽ വലയുന്ന ജനങ്ങളെ കൊള്ളയടിച്ച് ഇന്ധനവില കുതിക്കുന്നു. സംസ്ഥാനത്ത് ഇന്നും ഇന്ധനവില കൂട്ടി. പെട്രോൾ ലീറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ ഒരു മാസത്തിനിടെ പെട്രോളിന് 7.92 രൂപയും ഡീസലിന് 8.95 രൂപയുമാണ് കൂടിയത്.

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 111.55 രൂപയും ഡീസലിന് 105.25 രൂപയുമായി. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 109.30 രൂപയും ഡീസലിന് 103.17 രൂപയുമായി വർധിച്ചു. കോഴിക്കോട് പെട്രോൾ, ഡീസൽ വില യഥാക്രമം 109.44 രൂപ, 103.31 രൂപ എന്നിങ്ങനെയാണ്.

പെട്രോളിന്‌ 10 മാസം കൊണ്ട്‌ കൂടിയത്‌ 25.34 രൂപയാണ്. ഡീസലിന്‌ 25.16 രൂപയും. ഇന്നും വിലകൂടിയതോടെ പെട്രോളും ഡീസലും പുതിയ ഉയരങ്ങളിലെത്തി. കഴിഞ്ഞ ജനുവരി ഒന്നിന്‌ പെട്രോള്‍ 83.96 രൂപയ്‌ക്കും ഡീസല്‍ 78.01 രൂപയ്‌ക്കുമായിരുന്നു വിറ്റിരുന്നത്‌. ഒക്‌ടോബര്‍ ഒന്നിന്‌ പെട്രോള്‍ വില 102.2 രൂപയും ഡീസലിന്‌ 95.21 രൂപയുമായിരുന്നു. കഴിഞ്ഞ 30 ദിവസത്തിനിടെ മാത്രം പെട്രോളിനു മാത്രം ലിറ്ററില്‍ 7.10 രൂപയും ഡീസലില്‍ എട്ടുരൂപയുടെ വര്‍ധനയുമാണ്‌ ഉണ്ടായത്‌.