സിപിഎമ്മില്‍ അഭിപ്രായസ്വാതന്ത്ര്യമില്ല; സ്വതന്ത്രമായി എഴുതിയാല്‍ താന്‍ ശത്രുവായി മാറും: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: സിപിഎമ്മില്‍ അഭിപ്രായസ്വാതന്ത്ര്യമില്ലെന്നും സ്വതന്ത്രമായി എഴുതിയാല്‍ താന്‍  ശത്രുവായി മാറുമെന്നും 20 വർഷത്തിന് ശേഷം കോൺഗ്രസിലേക്ക് മടങ്ങിയ ചെറിയാൻ ഫിലിപ്പ്. കോണ്‍ഗ്രസില്‍ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അതിനാല്‍ തന്നെ രാഷ്ട്രീയ വ്യക്തിത്വമായി ഇടതു സഹയാത്രികനായി തുടരാന്‍ സാധിക്കില്ല. കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ പോയവര്‍ അനുഭവിച്ചിട്ട് വരട്ടെ.

എകെജി സെന്ററില്‍ നടന്ന പല രഹസ്യങ്ങളും അറിയാം. എന്നാല്‍ അതൊന്നും പുറത്തു പറയില്ല. പക്ഷെ സിപിഎമ്മില്‍ തനിക്ക് ശത്രുക്കളില്ല. ഇന്ത്യൻ ദേശീയത നിലനിർത്തുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സാണെന്നും രാജ്യസ്നേഹമുള്ള വ്യക്തിയെന്ന നിലയിൽ കോൺഗ്രസിലേക്ക് മടങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തിരുവനതപുരത്ത് വാർത്താ സമ്മേളനത്തിലാണ് ചെറിയാൻ ഫിലിപ്പ് നിലപാട് പ്രഖ്യാപിച്ചത്.
ഇന്നലെ കെപിസിസി അധ്യക്ഷൻ പാർട്ടിയിലേക്ക് ക്ഷണിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ അധ്വാനത്തിന്റെ മൂലധനം കോൺഗ്രസ്സിലുണ്ടെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. സ്ഥിരമായി കുറെ ആളുകള്‍ സ്ഥാനങ്ങളിലെത്തുന്ന അധികാര കുത്തകയാണ് കോണ്‍ഗ്രസ് വിടാന്‍ കാരണം. എന്നാല്‍ ഇന്നതില്‍ മാറ്റമുണ്ടായി. അന്ന് താന്‍ പറഞ്ഞ കാര്യങ്ങള്‍ ഇന്ന് നടപ്പിലാക്കുന്നുണ്ട്. ഇതാണ് തിരിച്ചുവരവിന് സാഹചര്യം ഒരുക്കിയത്.

ഖാദിയെന്ന പേരില്‍ വില്‍ക്കുന്നത് വ്യാജ ഖാദിയാണ്. ഖാദി ബോര്‍ഡില്‍ പോയിരുന്നെങ്കില്‍ വിജിലന്‍സ് കേസില്‍ പെടുമായിരുന്നു.
കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തണമെന്നുള്ളതുകൊണ്ടാണ് കോണ്‍ഗ്രസിലേക്ക് തിരികെ വരുന്നത്. തന്റെ വേരുകള്‍ കോണ്‍ഗ്രസിലാണ്. അതില്ലാതെ തനിക്ക് വളര്‍ച്ചയുണ്ടാകില്ലെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

സോഷ്യല്‍ മീഡിയയിലെ പരിഹാസത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മുമ്പ് ഇടത് സഹയാത്രികനെന്ന നിലയില്‍ കോണ്‍ഗ്രസിനെതിരെ പലതും പറഞ്ഞിട്ടുണ്ടെന്നും അഭിപ്രായം ഇരുമ്പുലക്കയല്ലെന്നും അദ്ദേഹം പറഞ്ഞു.  ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങുന്നതിനു മുൻപായി എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സഹോദരനെ പോലെയെന്നും കോൺഗ്രസിലേക്ക് മടങ്ങി വരുന്നതിൽ സന്തോഷമുണ്ടെന്നും എ കെ ആന്റണി പ്രതികരിച്ചു.

ചെറിയാൻ ഒരിക്കൽ പോലും സിപിഎമ്മിൽ അംഗത്വമെടുത്തിട്ടില്ലെന്നും അദ്ദേഹത്തിന് ഉപദേശത്തിന്റെ ആവശ്യമില്ലെന്നും എ കെ ആന്റണി കൂട്ടിച്ചേർത്തു. എന്ത് പദവി നൽകണമെന്ന് കെപിസിസി തീരുമാനിക്കുമെന്ന് രാജ്യസഭാംഗമാക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് പ്രമുഖ നേതാക്കൾ രംഗത്തെത്തിയിരുന്നു. ഉമ്മൻചാണ്ടിയുമായി വേദി പങ്കിടുകയും ചെയ്തിരുന്നു. ചെറിയാന്‍ ഫിലിപ്പിന്‍റെ രണ്ട് പതിറ്റാണ്ട് കാലത്തെ ഇടത് സഹവാസത്തിനാണ് അവസാനമാകുന്നത്. രാജ്യസഭാ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ അദ്ദേഹം സി.പി.എം നേതൃത്വവുമായി അകന്നു തുടങ്ങിയിരുന്നു. ഖാദി ബോർഡ് വൈസ് ചെയര്‍മാനായി നിയമിച്ചെങ്കിലും ഏറ്റെടുക്കാന്‍ തയ്യാറായില്ല. മഴക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് വിമര്‍ശനവും ഉയര്‍ത്തിയിരുന്നു. കോണ്‍ഗ്രസിലേക്കുള്ള മടങ്ങി വരുന്നതിന്റെ സൂചനകൾ നേരത്തെ തന്നെ ചെറിയാന്‍ ഫിലിപ്പ് നൽകിയിരുന്നു.