സ്കൂൾ ബസുകൾ കട്ടപ്പുറത്ത് ; സ്വകാര്യ ബസുകൾ സമരത്തിലേക്കും; സ്കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികൾ നട്ടം തിരിയും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കാൻ ഇനി രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ ഭൂരിഭാഗം സ്കൂൾ ബസുകളും സർവ്വീസ് നടത്തില്ല. സ്വകാര്യ ബസുകൾ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ഇത് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കാൻ പോകുന്നത് വിദ്യാർത്ഥികളെയാണ്. വലിയ യാത്ര ബുദ്ധിമുട്ടുകൾ വിദ്യാർത്ഥികൾ നേരിടും.

രണ്ട് വർഷത്തോളമായി നിർത്തിയിട്ട ബസുകൾക്ക് അറ്റകുറ്റ പണികൾക്ക് ചെലവുകൾ ഏറെയാണ്. ബസുകളുടെ ബാറ്ററി മാറ്റണം, ഇൻഷൂർ അടക്കണം. ഇതിനെല്ലാം ഒരു ബസിന് മാറ്റി വെക്കേണ്ട തുക ഒന്നര ലക്ഷത്തിലധികം രൂപയാണ്. ഒരു സീറ്റിൽ ഒരു വിദ്യാഥിയെ ഇരുത്തി ഉയർന്ന വിലക്ക് ഡീസൽ അടിച്ച് ബസുകൾ ഓടിക്കാൻ കഴിയില്ലെന്നാന്ന് എയ്ഡഡ് സ്കൂള്‍ മാനേജർമാർ പറയുന്നത്.

ഭൂരിഭാഗം സ്വകാര്യ സ്കൂളുകളും ബസ് ഓടിക്കാൻ തയ്യാറല്ല. ഇതൊടെ കൂടുതൽ കുട്ടികൾ സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ടിവരും. കൂടുതൽ വിദ്യാഥികളെ ബസിൽ കൊണ്ടുപോകാൻ കഴിയില്ലെന്ന് ബസുടമകൾ പറയുന്നു. ബസ് ചാർജ് വർധിപ്പിക്കണമെന്ന് ആവശ്യപെട്ട് നവംബർ ഒമ്പതുമുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരo പ്രഖ്യാപിച്ചിട്ടുണ്ട്. ബോണ്ട് സംവിധാനം വഴി വിദ്യാഥികളെ സ്കൂളിൽ എത്തിക്കാൻ കെഎസ്ആര്‍ടിസിക്ക് സ്കൂളുകൾ കൂടുതൽ പണം നൽകേണ്ടിവരും. സ്കൂൾ തുറക്കുന്നത് മുതൽ വിദ്യാഥികൾ വലിയ യാത്ര പ്രതിസന്ധിയാണ് അനുഭവിക്കേണ്ടിവരിക.