മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു; ഇടുക്കി അണക്കെട്ടും ഇന്ന് വൈകീട്ടോടെ തുറന്നേക്കും

കുമളി: മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. വെള്ളിയാഴ്ച രാവിലെ ഏഴിനാണ് അണക്കെട്ടിന്റെ ഒരു സ്പിൽവേ ഷട്ടർ തുറന്നത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് നീരൊഴുക്ക് വർധിച്ച് 138 അടി പിന്നിട്ടതോടെയാണ് തമിഴ്നാട് രണ്ട് ഷട്ടറുകൾ തുറന്നത്. അതിനിടെ, മഴ ശക്തമായാൽ ഇടുക്കി അണക്കെട്ടും ഇന്ന് (വെള്ളിയാഴ്ച) വൈകീട്ടോടെ തുറക്കാനാണ് സാധ്യത. അതിനുള്ള ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.32 അടി എത്തിയതോടെ റെഡ് അലർട്ട് നൽകി.

മുല്ലപ്പെരിയാർ തുറക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങളുടെ ആശങ്കയകറ്റാൻ എല്ലാ വകുപ്പുകളും ഒത്തുചേർന്നാണ് പ്രവർത്തിക്കുന്നത്. രണ്ടായിരത്തിലേറെ കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്. രണ്ട് മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളും ഇവിടെ ക്യാമ്പ് ചെയ്തിരുന്നു. റെവന്യൂമന്ത്രി കെ. രാജൻ, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരാണ് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നത്.

2108-ൽ അവസാനമായി മുല്ലപ്പെരിയാർ അണക്കെട്ടു തുറന്നപ്പോൾ തീരങ്ങളെ ജലം മൂടിയതിന്റെ ആശങ്കകൾ ഇന്നും പ്രദേശത്തെ ജനങ്ങളുടെ മനസ്സിലുണ്ട്. അന്നു മുന്നറിയിപ്പു പോലുമില്ലാതെ സ്പിൽവേകൾ തുറന്നതുമൂലമുണ്ടായ അപ്രതീക്ഷിത ദുരന്തങ്ങൾ ജില്ലാ ഭരണകൂടത്തെയും ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കുറ്റമറ്റ ഒരുക്കങ്ങളാണ് പൂർത്തിയാക്കിയിട്ടുള്ളത്.

ഇരുകരകളിലും താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കുക മാത്രമല്ല, ആവശ്യത്തിനു ദുരിതാശ്വാസ ക്യാമ്പുകളും അധികൃതർ തുറന്നിട്ടുണ്ട്. ഏലപ്പാറ പഞ്ചായത്തിൽ പെരിയാറിന്റെ തീരത്തു താമസിക്കുന്ന 73- കുടുംബങ്ങളെ മാറ്റിയിട്ടുണ്ട്. ഹെലിബറിയ വള്ളക്കടവിലാണ് കുടുംബങ്ങളെ മാറ്റിയത്. 73-ൽ അഞ്ചു കുടുംബങ്ങളെ അടിയന്തര സുരക്ഷിത സ്ഥാനത്തേക്കും ബാക്കിയുള്ളവരെ ബന്ധു വീടുകളിലേക്കുമാണ് മാറ്റിയത്.

പഞ്ചായത്ത് സെക്രട്ടറിയും വാർഡ് മെമ്പർമാരും പ്രദേശം സന്ദർശിക്കുകയും തീരദേശവാസികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുകയുംചെയ്തു. പെരിയാറിന്റെ തീരങ്ങളിൽ താമസിക്കുന്നവരെ മാറ്റി താമസിപ്പിക്കാനുള്ള ദുരിതാശ്വാസ ക്യാമ്പുകൾ വ്യാഴാഴ്ച രാവിലെ തുറന്നു.

പീരുമേട്, ഇടുക്കി, ഉടുമ്പൻചോല താലൂക്കുകളിലെ ഏഴു വില്ലേജുകളിലായി 20 ക്യാമ്പുകളാണ് തുറന്നത്. രാവിലെ ഏതാനും പേർ ക്യാമ്പുകളിൽ എത്തി. വൈകീട്ടോടെ കൂടുതൽപേർ ക്യാമ്പിലെത്തി. വ്യാഴാഴ്ച രാവിലെ വാഹനത്തിൽ ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പും നൽകി. സർക്കാർ സജ്ജീകരിച്ച ക്യാമ്പിലേക്കോ സുരക്ഷിത സ്ഥലങ്ങളിലേക്കോ മാറണമെന്നായിരുന്നു അറിയിപ്പ്.

ആധാർ, റേഷൻകാർഡ് അടക്കമുള്ള രേഖകളും വസ്ത്രങ്ങളും അത്യാവശ്യ സാമഗ്രികളും കരുതണമെന്നും അറിയിപ്പുനൽകി. റവന്യൂ- പഞ്ചായത്ത് – പോലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന സംഘം വീടുകളിലെത്തി നേരിട്ടും നിർദേശം നൽകി. ഭൂരിഭാഗം പേരും സന്നദ്ധരായെങ്കിലും മാറില്ലെന്നു പ്രതികരിച്ചവരുമുണ്ട്. വഴിവിളക്കുകൾ തെളിയിക്കാത്തതിലും പെരിയാർ തീരങ്ങളിലെ റോഡുകൾ സഞ്ചാര യോഗ്യമാക്കാത്തതിലും ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും തട്ടിക്കയറുന്ന സംഭവങ്ങളും ഉണ്ടായി.