മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് കേസ്; ഇഡിക്ക് റിപ്പോര്‍ട്ട് കൈമാറി ക്രൈംബ്രാഞ്ച്

കൊച്ചി: മോന്‍സണ്‍ മാവുങ്കലിനെതിരായ തട്ടിപ്പ് കേസ് അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഇ ഡി ക്ക് കൈമാറി. മോന്‍സണിന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച വിവരങ്ങളാണ് ഇ ഡി ക്ക് കൈമാറിയത്. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇ ഡി ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. തട്ടിയെടുത്ത പണം ഏത് രീതിയില്‍ ചെലവഴിച്ചു എന്നാണ് ഇ ഡി അന്വേഷിക്കുന്നത്.

അതേസമയം ഡിആര്‍ഡിഒയുടെ പേരില്‍ വ്യാജ രേഖ ചമച്ച കേസില്‍ പ്രതി മോന്‍സണ്‍ മാവുങ്കലിനെ ക്രൈം ബ്രാഞ്ച് ഇന്നും ചോദ്യം ചെയ്യും. കളമശ്ശേരി ക്രൈംബ്രാഞ്ച് യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.
റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന രാസപദാര്‍ത്ഥം കൈവശമുണ്ടെന്ന് ഡി ആര്‍ ഡി ഒയിലെ ശാസ്ത്രജ്ഞന്‍ സാക്ഷ്യപ്പെടുത്തുന്ന വ്യാജരേഖയാണ് മോന്‍സണ്‍ മാവുങ്കല്‍ കൃത്രിമമായി ഉണ്ടാക്കിയത്.

രേഖയുണ്ടാക്കാന്‍ മോന്‍സണെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും ക്രൈം ബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്. എന്നാല്‍ ഈ രേഖ ഉപയോഗിച്ച്‌ ആരുടെ പക്കല്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്ന നിലപാടിലാണ് മോന്‍സണ്‍. കഴിഞ്ഞ ദിവസമാണ് മോന്‍സണ്‍ മാവുങ്കലിനെതിരായ തട്ടിപ്പ് കേസില്‍ അന്വേഷണ പുരോഗതി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. മോന്‍സണിനെതിരെ പത്തിലധികം കേസ് ചുമത്തിയെന്ന് ഡി ജി പി സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ പറയുന്നു.