സ്കൂൾ തുറക്കുമ്പോൾ ചെറിയ കുട്ടികൾക്ക് ആകർഷകവും കാർട്ടൂൺ കഥാപാത്രങ്ങൾ ഉള്ളതുമായ മാസ്ക് നൽകരുതെന്ന് വിദഗ്ധ നിർദേശം

പാലക്കാട്: സ്കൂൾ തുറക്കുമ്പോൾ ചെറിയ കുട്ടികൾക്ക് ആകർഷകമായതും കാർട്ടൂൺ കഥാപാത്രങ്ങൾ ഉള്ളതുമായ മാസ്ക് നൽകരുതെന്ന് വിദഗ്ധ നിർദേശം. കുട്ടികൾ മാസ്ക് പരസ്പരം കൈമാറുന്നത് ഒഴിവാക്കാൻ ഇതു സഹായിക്കും. സ്കൂൾ തുറക്കുന്നതിനു മുമ്പുള്ള നാലു ദിവസം കുട്ടികളെ വീട്ടിൽ മാസ്ക് ഉപയോഗിച്ചു പരിശീലിപ്പിക്കുന്നതു നല്ലതായിരിക്കുമെന്നും അവൈറ്റീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോ.എം.എസ്. രഞ്ജിത്ത് പറഞ്ഞു.

എൻ95 പോലെയുള്ള മാസ്ക് കുട്ടികൾക്കു നൽകുന്നതും നല്ലതാവില്ല. ദീർഘ സമയം മാസ്ക് ഉപയോഗിക്കുമ്പോൾ കുട്ടികൾക്കു അത് ബുദ്ധിമുട്ടുണ്ടാക്കും. ഒരുപക്ഷെ മാസ്ക് ഉപയോഗിക്കാതിരിക്കാൻ വരെ ഇതു കാരണമാകാം. കുട്ടികൾക്ക് ഉപയോഗിക്കാൻ ബുദ്ധിമുട്ടില്ലാത്ത തരം മാസ്ക് നൽകുന്നതാകും ഉത്തമം. ഒരു മാസ്കും വയ്ക്കാതിരിക്കുന്നതിലും നല്ലതു തുണിയുടേതെങ്കിലും ഉപയോഗിക്കുന്നതാണ് എന്നതാണ് കാരണം.

കുട്ടികളെ സ്കൂളിൽ അയയ്ക്കും മുമ്പ് എല്ലാ ദിവസവും എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടോ എന്നു പരിശോധിക്കണം. ചെറിയ രോഗലക്ഷണങ്ങള്‍ ആണെങ്കില്‍ പോലും കുട്ടികളെ സ്കൂളിലേക്ക് അയക്കുന്ന പഴയ രീതി ഒരുകാരണവശാലും പിന്തുടരുതെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികള്‍ കൊറോണ ബാധിച്ചു ഗുരുതര സാഹചര്യങ്ങളിലേയ്ക്കു പോകാന്‍ സാധ്യത കുറവാണ്. എന്നാൽ കുട്ടികളില്‍ നിന്നു വീട്ടിലെ മുതിര്‍ന്നവരിലേക്കു രോഗം പടരാന്‍ സാധ്യതയുണ്ടെന്നു മറക്കരുത്. മറ്റെന്തെങ്കിലും രോഗങ്ങള്‍ ഉള്ള കുട്ടികളെ ചികില്‍സിക്കുന്ന ഡോക്ടറോട് അഭിപ്രായം ചോദിച്ച ശേഷം മാത്രമായിരിക്കണം സ്കൂളിലേക്ക് അയയ്ക്കാൻ.

കൊറോണ പ്രതിരോധത്തിനായുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ കുട്ടികളെ പഠിപ്പിക്കാനായിരിക്കണം ഇനിയുള്ള ദിവസങ്ങള്‍ ചെലവഴിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ, ഐസിഡിഎസ് ഒറ്റപ്പാലം അഡീഷനല്‍ പ്രൊജക്ട്, നെന്മാറ അവൈറ്റീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവര്‍ ചേര്‍ന്നു സംഘടിപ്പിച്ച ‘ക്ലാസ് റൂമുകളിലേക്കു മടങ്ങാം’ എന്ന വെബിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.