മോന്‍സനെതിരായ കേസ് അട്ടിമറിക്കാന്‍ ഐജി ശ്രമിച്ചു; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാന്‍ ശ്രമിച്ചു; ഡിജിപി റിപോര്‍ട്ട് കോടതിയില്‍

കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സന്‍ മാവുങ്കലിന്റെ മ്യൂസിയത്തിന് പൊലീസ് സംരക്ഷണം നല്‍കിയെന്ന പരാതിയില്‍ സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയ്ക്ക് റിപ്പോര്‍ട്ട്‌ കൈമാറി. മോന്‍സനെതിരായ കേസ് അട്ടിമറിക്കാന്‍ ഐജി ലക്ഷ്മണ ഇടപെട്ടതായും മോന്‍സനെതിരെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റാന്‍ ഐജി ശ്രമിച്ചുവെന്ന് ഡിജിപി നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു.

മുന്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഇടപെടലിലും ഡിജിപി വിശദീകരണം നല്‍കി. ലോക്നാഥ് ബഹ്റ പുരാവസ്തുക്കള്‍ കാണാനായാണ് മ്യൂസിയത്തിലെത്തിയതെന്നാണ് വിശദീകരിച്ചതെന്നും ഈ സമയത്ത് മോണ്‍സന്റെ ഇടപാടുകളെ കുറിച്ച്‌ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നില്ലെന്നും കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

നേരത്തെ മോന്‍സന്‍ മാവുങ്കിലിന്‍റെ ചേര്‍ത്തലയിലും കൊച്ചിയിലെയും വീടുകള്‍ക്ക് മുന്നില്‍ പോലീസ് പട്ട ബുക്ക് സ്ഥാപിച്ചത് ഏത് സാഹചര്യത്തിലായിരുന്നുവെന്നും കൃത്യമായി പരിശോധനയില്ലാതെ എങ്ങനെ തട്ടിപ്പുകാരന് സുരക്ഷ നല്‍കിയെന്നായിരുന്നും ഡിജിപി വിശദീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി ക്രൈംബ്രാ‌ഞ്ച് രേഖപ്പെടുത്തി. ലോക്നാഥ് ബഹ്റയ്ക്ക് ഒപ്പം മ്യൂസിയം സന്ദര്‍ശിച്ച എഡിജിപി മനോജ് എബ്രഹാമില്‍ നിന്നും വിവരങ്ങള്‍ തേടി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്‍കിയത്.