അക്രമങ്ങളും നിയമലംഘനങ്ങളും പകർത്താൻ പൊലീസ് വാങ്ങിയ ബോഡി ക്യാമറകൾ കൂട്ടത്തോടെ നശിച്ചു

തിരുവനന്തപുരം: സംസ്ഥാന പൊലീസ് വാങ്ങിയ ബോഡി ക്യാമറകൾ കൂട്ടത്തോടെ നശിച്ചു. അക്രമങ്ങളും നിയമലംഘനങ്ങളും പകർത്താൻ ആകെ 310 ക്യാമറകളാണ് ആകെ വാങ്ങിയത്. 50 ക്യാമറകൾ ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടന്റ് ഇന്ത്യ ലിമിറ്റഡിൽനിന്നും 260 ക്യാമറകൾ ആര്യ കമ്മ്യൂണിക്കേഷൻ ആൻഡ് ഇലക്ട്രോണിക് സർവീസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നുമാണ് വാങ്ങിയത്.

2018ൽ വാങ്ങിയ ക്യാമറകൾ പലതും മാസങ്ങൾക്കകം കേടായി. 2021 ജൂലൈയ്ക്കുശേഷം ഒരു ക്യാമറയും പ്രവർത്തിക്കുന്നില്ല. മൂന്നു വർഷം വാറന്റിയും 3 വർഷത്തേക്കു വാർഷിക അറ്റകുറ്റപ്പണിയും നടത്താമെന്നായിരുന്നു കരാർ. ക്യാമറകൾ വാങ്ങിയതിനു പിന്നിൽ വലിയ അഴിമതി നടന്നതായാണ് സേനയ്ക്കുള്ളിലെ സംസാരം.

ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടന്റ് ഇന്ത്യ ലിമിറ്റഡിൽനിന്നും 47,000 രൂപയ്ക്കും ആര്യ കമ്മ്യൂണിക്കേഷനിൽനിന്ന് 50,000 രൂപയ്ക്കുമാണ് ഓരോ ക്യാമറയും വാങ്ങിയത്. ട്രാഫിക് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തിലെ പ്രവർത്തനം. ക്രമസമാധാന പ്രശ്നങ്ങളും ഗതാഗത നിയമലംഘനങ്ങളും ഡ്യൂട്ടി സംബന്ധമായ മറ്റു കാര്യങ്ങളും തൽസമയം റെക്കോർഡ് ചെയ്യാൻ ക്യാമറയില്‍ സംവിധാനമുണ്ടായിരുന്നു.

പുഷ് ടു ടോക്ക് സംവിധാനം വഴി സംഭവസ്ഥലത്തെ ദൃശ്യങ്ങളും ഫോട്ടോയും ഉന്നത ഉദ്യോഗസ്ഥർക്കു കൈമാറാനും അവരുടെ നിർദേശങ്ങൾ സ്വീകരിക്കാനും കഴിയുമായിരുന്നു. ക്യാമറ പകർത്തുന്ന ദൃശ്യങ്ങൾ കൺട്രോൾ റൂമിലെ സെർവറിലാണ് സൂക്ഷിച്ചത്. ആവശ്യമുള്ളപ്പോൾ ഇതു പരിശോധിക്കാനും സൗകര്യമൊരുക്കിയിരുന്നു. ടച്ച് സ്ക്രീൻ, നൈറ്റ് വിഷൻ സംവിധാനങ്ങളുമുണ്ടായിരുന്ന ക്യാമറയിൽ, 4ജി സിം വഴിയാണ് ദൃശ്യങ്ങളും സന്ദേശങ്ങളും കൈമാറിയിരുന്നത്.

32 ജിബി മെമ്മറി കാർഡ് ഉപയോഗിക്കാനാകുന്ന ക്യാമറയുടെ ബാറ്ററി ശേഷി 8 മണിക്കൂറായിരുന്നു. തോളിലോ ബെൽറ്റിലോ ഘടിപ്പിക്കുന്ന ക്യാമറ വഴി പൊലീസുകാരുടെ നീക്കങ്ങൾ ഉദ്യോഗസ്ഥർക്കും നിരീക്ഷിക്കാൻ കഴിയുമായിരുന്നു. എന്നാൽ, ‌ഉപയോഗിച്ചു തുടങ്ങി മാസങ്ങൾക്കകം ക്യാമറ ചൂടുപിടിച്ചു തുടങ്ങി. സങ്കേതിക തകരാറുകൾകൂടി വന്നതോടെ ഉദ്യോഗസ്ഥർ ക്യാമറകൾ ഉപേക്ഷിച്ചു. ശരിയാക്കിയെടുക്കാൻ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല.