താനൂരില്‍ ബസ് നിയന്ത്രണംവിട്ട് പാലത്തില്‍ നിന്നും താഴേക്ക് മറിഞ്ഞു; 15 പേര്‍ക്ക് പരിക്ക്

മലപ്പുറം: താനൂരില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. മേല്‍പാലത്തില്‍ നിന്നും ബസ് താഴേക്ക് മറിഞ്ഞതിനെ തുടര്‍ന്ന് 15 പേര്‍ക്ക് പരിക്കേറ്റു. തിരൂരില്‍നിന്ന് താനൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് ദേവദാര്‍ റെയില്‍വേ മേല്‍ പാലത്തില്‍ വച്ച് നിയന്ത്രണം വിട്ട് താഴേക്ക് മറിഞ്ഞത്. ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്.

ബസ് മറ്റൊരു ബസിന് സൈഡ് കൊടുക്കുന്നതിനിടെ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് അപകടത്തില്‍പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പാലത്തിന്റെ ഉയരം കുറഞ്ഞ ഭാഗത്തില്‍നിന്നാണ് ബസ് മറിഞ്ഞതെന്നത് അപകടത്തിന്റെ ആഘാതം കുറച്ചു. പരിക്കേറ്റ യാത്രക്കാരെ താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

ബസ് പൂര്‍ണമായും മറിഞ്ഞിരുന്നു. യാത്രക്കാര്‍ ബസ്സിനടിയില്‍ കുടുങ്ങിയോ എന്ന സംശയം വന്നതോടെ ബസ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി പരിശോധിക്കുകയും ആരും ബസ്സിനടിയില്‍ പെട്ടുപോയിട്ടില്ലെന്ന് ഉറപ്പിക്കുകയും ചെയ്തു