പാര്‍ട്ടി നടപടിയില്‍ സന്തോഷം; സംസ്ഥാന തലത്തില്‍ അന്വേഷണം വേണമെന്ന് അനുപമ

തിരുവനന്തപുരം: ദത്തുവിവാദത്തില്‍ പാര്‍ട്ടി ഇപ്പോഴെങ്കിലും നടപടി സ്വീകരിക്കാന്‍ തയ്യാറായതില്‍ സന്തോഷമെന്ന് അനുപമ. പാര്‍ട്ടി ഏരിയ സെക്രട്ടറി ഈ വിഷയം അന്വേഷിക്കുന്നതില്‍ പ്രതീക്ഷ ഇല്ലെന്നും സംസ്ഥാന തലത്തില്‍ അന്വേഷണം വേണമെന്ന് അനുപമ പറഞ്ഞു. അനുപമയുടെ അച്ഛന്‍ പി എസ് ജയചന്ദ്രനെതിരെ സിപിഎം നടപടി സ്വീകരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അനുപമ.

ഏരിയ സെക്രട്ടറി തന്നെ എതിര്‍ത്തുള്ള നിലപാടാണ് സ്വീകരിച്ചിരുന്നത്. അച്ഛന് വേണ്ടി ഏരിയ സെക്രട്ടറി ബന്ധപ്പെട്ടിട്ടുണ്ട്. അതിനാല്‍ വിഷയത്തില്‍ പാര്‍ട്ടി ഏരിയ സെക്രട്ടറി അന്വേഷണം നടത്തുന്നതിനോട് വിശ്വാസമില്ലെന്നും അനുപമ പറഞ്ഞു. സംസ്ഥാന തലത്തിലെ വനിത സഖാവ് കൂടി ഉള്‍പ്പെട്ട അന്വേഷണം വേണമെന്നും ഷിജു ഖാനെതിരെ നടപടി വേണമെന്നും അനുപമ ആവശ്യപ്പെട്ടു.

വലിയ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് അനുപമയുടെ അച്ഛന്‍ പി എസ് ജയചന്ദ്രനെതിരെ സിപിഎം നടപടി സ്വീകരിക്കുന്നത്. പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് ജയചന്ദ്രനെ നീക്കി. പാര്‍ട്ടി പരിപാടികളില്‍ ഇനി ജയചന്ദ്രനെ പങ്കെടുപ്പിക്കെണ്ടന്നും നിര്‍ദ്ദേശിച്ചു.