ബൈക്കില്‍ നിന്ന് വീണ് എസ്‌ഐയുടെ മരണം; ഇയര്‍ ബാലന്‍സ് തെറ്റിയതാകാമെന്ന് പൊലീസ്‌

അരൂര്‍: ബൈക്ക് നിയന്ത്രണം വിട്ട് വീണ് എസ്‌ഐ മരിച്ച സംഭവത്തില്‍ അന്വേഷണവുമായി പൊലീസ്. എസ്‌ഐ വിനയചന്ദ്രനാണ് കഴിഞ്ഞ ദിവസം ബൈക്കില്‍ നിന്ന് വീണ് മരിച്ചത്. ബൈക്ക് ഓടിക്കുന്നതിനിടെ ഇയര്‍ ബാലന്‍സ് തെറ്റിയതാകാം അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നി​ഗമനം. ദേശീയപാതയോരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.

വിനയചന്ദ്രന് ഇയര്‍ ബാലന്‍സിന്റെ പ്രശ്നം ഉണ്ടായിരുന്നതായി ബന്ധുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് വാഹനങ്ങള്‍ വിനയചന്ദ്രന്റെ ബൈക്കില്‍ തട്ടിയതിന്റെ ലക്ഷണങ്ങളില്ല. ഞായറാഴ്ച വൈകീട്ട് തുറവൂരിന് സമീപമായിരുന്നു അപകടം. ഹൈവേ പട്രോളിങ് വാഹനത്തിലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്നു.

നിയന്ത്രണം വിട്ട വിനയചന്ദ്രന്‍ ബൈക്കുമായി റോഡരികിലേക്ക് തെറിച്ചുവീഴുന്ന ദൃശ്യം ലഭിച്ചു. ബൈക്കില്‍ നിന്നു പിടിവിട്ട് വിനയചന്ദ്രന്‍ മുന്നിലേക്ക് തെറിച്ചു വീഴുകയാണ്. ബൈക്ക് ഇദ്ദേഹത്തിന്റെ ദേഹത്ത് വീഴുകയും ചെയ്യുന്നു. ഹെല്‍മെറ്റ് തെറിച്ചു പോയി. തലയ്ക്കേറ്റ പരിക്കാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടും റിപ്പോര്‍ട്ടിലെ പ്രാഥമിക സൂചന.