ചികിത്സയ്‌ക്കെത്തിയ പാക് പൗരന്മാര്‍ക്ക് മടങ്ങാം; അനധികൃതമായി തങ്ങിയെന്ന കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി:കേരളത്തില്‍ ചികിത്സയ്‌ക്കെത്തിയ പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് തിരികെ മടങ്ങാന്‍ അനുമതി നല്‍കി ഹൈക്കോടതി. അനധികൃതമായി തങ്ങിയെന്ന പേരിലെടുത്ത കേസും ഹൈക്കോടതി റദ്ദാക്കി. ഇമ്രാന്‍ മുഹമ്മദ്, അലി അസ്ഗര്‍ എന്നീ രണ്ട് പേര്‍ക്കെതിരായ കേസാണ് കോടതി റദ്ദാക്കിയത്.

പാക് പൗരന്‍മാര്‍ ഇന്ത്യയിലേക്കെത്തിയത് വ്യക്തമായ യാത്രാരേഖകളോടേയും അനുമതിയോടെയുമാണെന്ന് ഹൈക്കോടതിയുടെ വിധിയില്‍ പറയുന്നു. പാക് പൗരന്‍മാര്‍ക്കെതിരെ കേസെടുത്ത നടപടി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതോടെയാണ് ഇവര്‍ക്ക് തിരികെ നാട്ടിലേക്ക് മടങ്ങാനുള്ള വഴി തെളിഞ്ഞത്.

പാക് പൗരന്മാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി മൂന്നു ദിവസത്തിനകം ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാനും നിര്‍ദ്ദേശിച്ചു. ചികിത്സയ്ക്കായി കേരളത്തില്‍ എത്തിയ തങ്ങളെ കേസില്‍ കുടുക്കിയെന്ന് ആരോപിച്ചാണ് പാക് പൗരന്മാര്‍ ഹൈക്കോടതിയെ സമീപിച്ചത്. നിയമവിരുദ്ധമായി ഇന്ത്യയില്‍ താമസിച്ചെന്ന കേസ് റദ്ദാക്കണമെന്നും ഇവര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

നട്ടെല്ലിന് ഏറ്റ പരിക്കിന് ചികിത്സ തേടി ഓഗസ്റ്റ് 18 നാണ് സിംഗിള്‍ എന്‍ട്രി മെഡിക്കല്‍ വിസയില്‍ ഇരുവരും ചെന്നൈയിലെത്തിയത്. തുടര്‍ന്ന് അടുത്ത ദിവസം തന്നെ എറണാകുളം വാഴക്കാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. ഇവരുടെ രേഖകള്‍ ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിരുന്നു എന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തങ്ങള്‍ എത്തിയ വിവരം ആശുപത്രി അധികൃതര്‍ എറണാകുളം സ്പെഷ്യല്‍ ബ്രാഞ്ച് പോലീസില്‍ അറിയിച്ചിരുന്നുവെന്നും തുടര്‍ന്ന് ചികിത്സ കഴിഞ്ഞ ഷാര്‍ജ വഴി ലഹോറിലേക്ക് മടങ്ങാന്‍ ചെന്നൈ എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ പൊലീസ് തടഞ്ഞെന്നും പാക് പൗരന്മാര്‍ പറഞ്ഞു. ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് ഇല്ലെന്ന് പറഞ്ഞാണ് ഇവരെ മടങ്ങിപ്പോകാന്‍ അനുവദിക്കാതിരുന്നത്.