പാലക്കാട് തിരുവിഴാംകുന്നില്‍ വെള്ളിയാര്‍ പുഴയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി

പാലക്കാട്: തിരുവിഴാംകുന്ന് അമ്ബലപ്പാറ വെള്ളിയാര്‍ പുഴയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി. ഇന്നലത്തെ കനത്ത മഴയില്‍ പുഴയിലെ ഒഴുക്കില്‍പ്പെട്ടതാണെന്നാണ് നിഗമനം. ഇന്ന് രാവിലെ പ്രദേശവാസികളാണ് പുഴയിലെ പാറക്കെട്ടിനും വീണു കിടക്കുന്ന മരത്തിനും ഇടയില്‍ കിടക്കുന്ന കാട്ടാനയുടെ ജഡം കണ്ടെത്തിയത്. പിടിയാനയാണ് അപകടത്തില്‍പ്പെട്ടത്

ഇന്നലെ സൈലന്‍റ് വാലി വനമേഖലയില്‍ അതിശക്തമായ മഴ പെയ്തിരുന്നു. വെള്ളിയാര്‍ പുഴയില്‍ അതിശക്തമായ നീരൊഴുക്ക് ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു

പുഴയില്‍ അകപ്പെട്ട കാട്ടാന രക്ഷപ്പെടാന്‍ കഴിയാതെ ഒഴുക്കില്‍പ്പെട്ടതാകാനാണ് സാധ്യത. കാട്ടാനയുടെ ശരീരം പാറയില്‍ ഉരഞ്ഞതിൻ്റെയും മറ്റും പാടുകളുണ്ട്. എന്നാല്‍ മറ്റു പരിക്കുകളൊന്നും കാണാനില്ല

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ശശികുമാര്‍ പറഞ്ഞു. മുന്‍പ് വായില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച്‌ ഗുരുതര പരിക്കേറ്റ കാട്ടാന ചരിഞ്ഞത് ഈ പുഴയില്‍ വെച്ചായിരുന്നു.