അമ്മയെ കിണറ്റില്‍ തള്ളിയിട്ട് കൊന്നു; സാക്ഷിയായ മകനെയും കൊലപ്പെടുത്തി; പ്രതികള്‍ ആറുവര്‍ഷത്തിന് ശേഷം പിടിയില്‍

തിരുവനന്തപുരം: അമ്മയെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന സംഭവത്തിന് സാക്ഷിയായ മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയില്‍. ആറുവര്‍ഷത്തിന് ശേഷമാണ് നാല് പ്രതികള്‍ പിടിയിലാകുന്നത്. വണ്ടിപ്പുര കൈതറക്കുഴി വീട്ടില്‍ പുഷ്പാകരന്‍ (45), ഇയാളുടെ ഭാര്യാസഹോദരന്‍ വിനേഷ് (35), വണ്ടിപ്പുര സ്വദേശികളായ അഭിലാഷ് (40), സുരേഷ് (42) എന്നിവരാണ് പിടിയിലായത്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഒരു ലക്ഷത്തിലധികം വരുന്ന ഫോണ്‍കോളുകള്‍ പരിശോധിച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വെഞ്ഞാറമൂട് നെല്ലനാട് 2015 മാര്‍ച്ച്‌ 26ന് ആയിരുന്നു സംഭവം. കീഴായിക്കോണം കൈതറക്കുഴി വീട്ടില്‍ പ്രദീപ് (32), മാതാവ് കമല എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ കമലയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും മര്‍ദ്ദിക്കുകയും ചെയ്തതിനുശേഷം സമീപത്തെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയിരുന്നു.

സംഭവത്തിന്റെ ഏക സാക്ഷിയായിരുന്നു മകന്‍ പ്രദീപിനെ കീഴായിക്കോണം മരോട്ടിക്കുഴി ഈശാനുകോണം നടവരമ്പിനു സമീപത്തെ പൊന്തക്കാട്ടില്‍ കഴുത്തില്‍ കൈലിമുണ്ട് കുരുങ്ങി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.കേസിന്റെ വിചാരണ ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രദീപ് കൊല്ലപ്പെട്ടത്.

പ്രദീപ് കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കകം കേസിലെ മൂന്നാം പ്രതി വെളുത്തപാറ വീട്ടില്‍ റീജു ആത്മഹത്യ ചെയ്തിരുന്നു. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രദീപിനെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.